സിപിഎം നേതാവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് പൊലീസ് പിടിച്ചുവെച്ചു; സിഐക്കെതിരേ നടപടി

മൃതദേഹം ആരുടേതെന്ന് സിഐയോടു വിശദീകരിച്ചെങ്കിലും വാഹനപരിശോധന നടത്തുമ്പോള്‍ ഇതൊക്കെ സ്വാഭാവികമെന്നായിരുന്നു മറുപടി
സിപിഎം നേതാവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് പൊലീസ് പിടിച്ചുവെച്ചു; സിഐക്കെതിരേ നടപടി

സിപിഎം നേതാവിന്റെ മൃതദേഹവും കൊണ്ടുപോയ ആബുലന്‍സ് പൊലീസ് വഴിയില്‍ പിടിച്ചുവെച്ചത് അരമണിക്കൂര്‍. തോട്ടം തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാസെക്രട്ടറിയും സിപിഎം മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ആര്‍.പി.പ്രഭാകരന്‍ നായരുടെ (73) മൃതദേഹത്തോടാണ് പൊലീസ് അനാദരവ് കാട്ടിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മലയിന്‍കീഴ് സിഐ ജയകുമാറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി.

ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പേയാട്  തച്ചോട്ടുകാവ് റോഡില്‍ മേപ്പൂക്കടയിലായിരുന്നു സംഭവം. രാത്രി വാഹന പരിശോധനയ്ക്കിടെ തച്ചോട്ടുകാവില്‍ ആംബുലന്‍സ് കൈകാണിച്ചു നിര്‍ത്തിച്ചശേഷം പോകാന്‍ അനുവദിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. പത്ത് മിനിട്ടിന് ശേഷം സിഐയും സംഘവും ജീപ്പില്‍ മൂന്ന് കിലോമീറ്റര്‍ പിന്തുടര്‍ന്ന് ആംബുലന്‍സിനെ മേപ്പൂക്കട ജംഗ്ഷനില്‍ തടയുകയായിരുന്നു. കാര്യമന്വേഷിച്ച മകനും ദേശാഭിമാനി ലേഖകനുമായ പ്രഷീദിനോട് വാഹന പരിശോധനയെന്നാണ് പറഞ്ഞത്. തന്റെ പിതാവിന്റെ മൃതദേഹവുമായാണ് വരുന്നതെന്നു പറഞ്ഞിട്ടും പോകാന്‍ അനുവദിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.

ആംബുലന്‍സില്‍ മൃതദേഹമാണോയെന്ന് പരിശോധിക്കണമെന്നായി പൊലീസ്. 22 മിനിറ്റോളം റോഡില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടു. ഇതിനിടെ പൊലീസ് ജീപ്പിന്റെ ഡ്രൈവവര്‍ ആംബുലന്‍സ് ഡ്രൈവറെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി. ആംബുലന്‍സിനെ അനുഗമിച്ച സിപിഎം ലോക്കല്‍ സെക്രട്ടറി സി.ഐയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴും വാഹന പരിശോധനയെന്നായിരുന്നു മറുപടി.

മൃതദേഹം ആരുടേതെന്ന് സിഐയോടു വിശദീകരിച്ചെങ്കിലും വാഹനപരിശോധന നടത്തുമ്പോള്‍ ഇതൊക്കെ സ്വാഭാവികമെന്നായിരുന്നു മറുപടി. ഇത് പൊലീസുമായി വാക്കേറ്റത്തിന് കാരണമായി. ലോക്കല്‍ സെക്രട്ടറിയുടെയും ആംബുലന്‍സിലുള്ളവരുടെയും ഫോട്ടോ സിഐ മൊബൈലില്‍ പകര്‍ത്തിയെന്നു ഇവര്‍ പറയുന്നു. ബഹളം കേട്ടു പരിസരവാസികള്‍ ഉണരുന്നുവെന്ന് മനസിലാക്കിയ സിഐ ജീപ്പുമായി സ്ഥലംവിടുകയും ചെയ്‌തെന്നാണ് ഇവരുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com