ഇടുക്കി ഡാം നിറയാന്‍ 17 അടി കൂടി; വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി ഷട്ടര്‍ തുറന്നേക്കും

ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകളാണ് തുറക്കുക. മുന്‍പ് ഇത് തുറന്നിട്ടുള്ളത് രണ്ട് തവണ മാത്രം
ഇടുക്കി ഡാം നിറയാന്‍ 17 അടി കൂടി; വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി ഷട്ടര്‍ തുറന്നേക്കും

ചെറുതോണി: പതിനേഴ് അടികൂടി നിറഞ്ഞാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്
പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തും. വൃഷ്ടിപ്രദേശത്ത് മഴ കനത്തു തന്നെ തുടരുന്നതിനാല്‍ ഇടുക്കി ജലസംഭരണിയുടെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. 

ശരാശരി ഒരടിവീതം വെള്ളമാണ് ദിവസവും ഉയരുന്നത്. 81.15 ശതമാനം വെള്ളമാണ് അണക്കെട്ടില്‍ ഇപ്പോള്‍ സംഭരിച്ചിരിക്കുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെങ്കില്‍ മൂലമറ്റം പവര്‍ ഹൗസില്‍ പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ചാലും ഷട്ടറുകള്‍ തുറക്കേണ്ടി വരും. 

ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകളാണ് തുറക്കുക. മുന്‍പ് ഇത് തുറന്നിട്ടുള്ളത് രണ്ട് തവണ മാത്രം. അവസാനം തുറന്നത് 1992 ഒക്ടോബര്‍ 11. 2013ലും ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിക്കടുത്ത് എത്തിയെങ്കിലും കൂടുതല്‍ വെള്ളം മൂലമറ്റം പവര്‍ഹൗസിലേക്ക് കൊണ്ടുപോയി വൈദ്യുതോല്‍പാദനം കൂട്ടി ഷട്ടര്‍ തുറക്കുന്നത് അന്ന് ഒഴിവാക്കി. 

ഇത്തവണയും അങ്ങിനെ ചെയ്യാമെന്നാണ് വൈദ്യുത ബോര്‍ഡ് തീരുമാനിച്ചിരുന്നത് എങ്കിലും ഇപ്പോള്‍ ഡാമിലേക്ക് എത്തുന്ന വെള്ളത്തിന് അനുസരിച്ച് ഉത്പാദനം നടത്താനുള്ള ശേഷി മൂലമറ്റം പവര്‍ ഹൗസിനില്ല. 

പവര്‍ ഹൗസിലെ അഞ്ച് ജനറേറ്ററുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 15 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. എന്നാല്‍ ഇതിന് 10.3 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളം മതിയാകും. ഇപ്പോള്‍ ഡാമിലേക്ക് ഒരു ദിവസം ഒഴുകി എത്തുന്നത് 20 ദശലക്ഷം ക്യൂബിക് മീറ്റര്‍ ജലമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com