ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്; ശിക്ഷ ഇന്ന് 

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ അഞ്ചു പൊലീസുകാര്‍ക്ക് സിബിഐ പ്രത്യേക കോടതി ഇന്ന് ശിക്ഷ വിധിക്കും
ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്; ശിക്ഷ ഇന്ന് 

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ അഞ്ചു പൊലീസുകാര്‍ക്ക് സിബിഐ പ്രത്യേക കോടതി ഇന്ന് ശിക്ഷ വിധിക്കും. പതിമൂന്നു വര്‍ഷംമുമ്പ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്നു എന്നാണ് കേസ്. 

പൊലീസുകാരായ ഒന്നും രണ്ടും പ്രതികള്‍ കൊലക്കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെപേരില്‍ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കൊലക്കുറ്റം ചുമത്തിയ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവരെ കോടതി റിമാന്‍ഡുചെയ്തു. നാലുമുതല്‍ ആറുവരെ പ്രതികളായ പൊലീസ് മുന്‍ സൂപ്രണ്ടുമാര്‍ ഇ.കെ. സാബു, ടി.കെ. ഹരിദാസ്, ഡിവൈ.എസ്.പി. ടി. അജിത്കുമാര്‍ എന്നിവര്‍ക്ക് നിലവിലെ ജാമ്യത്തില്‍ തുടരാം. മൂന്നാം പ്രതിയായ സോമന്‍ വിചാരണക്കാലയളവില്‍ മരിച്ചു.

ഒന്നും രണ്ടും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. നാലുമുതല്‍ ആറുവരെ പ്രതികളുടെ കാര്യത്തില്‍ കര്‍ശനനിലപാട് ആവശ്യപ്പെട്ടില്ല. ഇവരെ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കുന്നതും എതിര്‍ത്തില്ല.

കേസില്‍ മാപ്പുസാക്ഷിയായശേഷം കൂറുമാറിയ സുരേഷ് കുമാറിനെ പ്രതിയാക്കുന്നതടക്കം തുടര്‍നടപടി സ്വീകരിക്കാന്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി.

2005 സെപ്റ്റംബര്‍ 27നാണ് ഉദയകുമാറിനെ പൊലീസ് ഉരുട്ടിക്കൊന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് അന്നേദിവസം ഉച്ചയോടെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഉദയകുമാറിനെപിടികൂടിയത്. ചോദ്യംചെയ്യലിനിടെ മൂന്നാംമുറ പ്രയോഗിച്ചതിനെ തുടര്‍ന്ന ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു.
കൊലയ്ക്കുശേഷം ഉന്നതര്‍ ഇടപെട്ട് ഉദയകുമാറിനെ മോഷണക്കേസില്‍ പ്രതിയാക്കി. രാത്രി എട്ടുമണിക്ക് പുതിയ എഫ്‌ഐആര്‍ തയ്യാറാക്കി. ഉദയകുമാര്‍ മരിക്കാനിടയായ മര്‍ദനം നടന്ന സമയം മാറ്റി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. 

സിബിഐ അന്വേഷണത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പിടിയിലായത്. ജിതകുമാര്‍ ഡി.സി.ആര്‍.ബി.യില്‍ എ.എസ്.ഐ.യായും ശ്രീകുമാര്‍ നര്‍ക്കോട്ടിക് സെല്ലില്‍ ഹെഡ്‌കോണ്‍സ്റ്റബിളായുമാണ് ജോലിചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com