കേരളത്തിന് തിരിച്ചടി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരും

രാത്രിയാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടു വന്ന കേരള സര്‍ക്കാരിന് തിരിച്ചടിയാകും.
കേരളത്തിന് തിരിച്ചടി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരും

ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം തുടരും. വിദഗ്ധ സമിതി നടത്തിയ പരിശോധനയിലാണ് ദേശീയ പാതകളില്‍ ഏര്‍പ്പെടുത്തിയ രാത്രിയാത്ര നിരോധനം തുടരാന്‍ തീരുമാനമായത്. ഇത് രാത്രിയാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടു വന്ന കേരള സര്‍ക്കാരിന് തിരിച്ചടിയാകും.

സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപവത്കരിച്ച വിദഗ്ധ സമിതിയും ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തെ പിന്തുണച്ചു. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766, കോയമ്പത്തൂര്‍ഗുണ്ടല്‍പ്പേട്ട് ദേശീയപാത 181 എന്നീ റോഡുകളിലാണ് ബന്ദിപ്പൂര്‍ വനസങ്കേതത്തില്‍ രാത്രി ഒന്‍പതിനും രാവിലെ ആിനുമിടയില്‍ രാത്രിയാത്ര നിരോധിച്ച് 2010ല്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. 

2009ല്‍ ഈ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിക്കവെ,  റിപ്പോര്‍ട്ട് തയാറാക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സംസ്ഥാനങ്ങള്‍ തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്തണമെന്നും കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 

എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നിരോധനം തുടരണമെന്നുള്ള നിലപാടില്‍ തന്നെ എത്തിച്ചേരുകയായിരുന്നു. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയ സെക്രട്ടറി, കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാന പ്രതിനിധികള്‍, ദേശീയ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധി തുടങ്ങിയവരെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയിലാണ് കടുവാ സങ്കേതത്തിലെ രാത്രിയാത്ര നിരോധനം തുടരണമെന്ന നിലപാടിലെത്തിയത്. 

കര്‍ണാടക, കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ 16 ആര്‍ടിസി ബസുകള്‍ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയില്‍ വനത്തിലൂടെ കടത്തിവിടുന്നുണ്ട്. ഇവയുടെ എണ്ണത്തിലും വര്‍ധന വേണ്ടതില്ലെന്നാണ് അഭിപ്രായം. 

നിലവില്‍ ബദല്‍പാതയായി ഉപയോഗിക്കുന്ന ഹുന്‍സൂര്‍ ഗോണിക്കുപ്പകുട്ടമാനന്തവാടി പാത വിദഗ്ധ സംഘം സന്ദര്‍ശിച്ചിരുന്നു. കേരള സര്‍ക്കാറിന്റെ അഭ്യര്‍ഥന മാനിച്ച് 75 കോടി മുടക്കി ഈ പാത നവീകരിച്ചതായും കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള യാത്രക്കാരും ചരക്കു വാഹനങ്ങളും ഈ പാത ഉപയോഗപ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിദഗ്ധ സമിതിയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com