ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ; സമരക്കാരുടെ ആശങ്ക ന്യായം; വയലിന് നടുവിലൂടെയുള്ള അലൈന്‍മെന്റ് മാറ്റണമെന്ന് കേന്ദ്രസംഘം

കീഴാറ്റൂരില്‍ െൈബെപ്പാസ് ആവശ്യമാണെന്നും എന്നാല്‍ വയല്‍ നശിക്കാത്ത തരത്തില്‍ അലൈന്‍മെന്റ് മാറ്റണമെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്
ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ; സമരക്കാരുടെ ആശങ്ക ന്യായം; വയലിന് നടുവിലൂടെയുള്ള അലൈന്‍മെന്റ് മാറ്റണമെന്ന് കേന്ദ്രസംഘം

കണ്ണൂര്‍: കീഴാറ്റൂരില്‍ െൈബെപ്പാസ് ആവശ്യമാണെന്നും എന്നാല്‍ വയല്‍ നശിക്കാത്ത തരത്തില്‍ അലൈന്‍മെന്റ് മാറ്റണമെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. വയലിന് നടുവിലൂടെയുള്ള അലൈന്‍മെന്റ് മാറ്റി വശത്തിലൂടെയാക്കണമെന്നാണ് കേന്ദ്ര സംഘം നിര്‍ദേശിച്ചിരിക്കുന്നത്. കീഴാറ്റൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉറപ്പാക്കിയ ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നും നിര്‍ദേശമുണ്ട്. 

വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് എതിരെ സമരം നടത്തുന്നവരുടെ ആശങ്ക ന്യായമാണെന്നും കേന്ദ്രസംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൃഷി സംരക്ഷിച്ച് മാത്രമേ പാത നിര്‍മ്മിക്കാവൂ. വയലിലെ തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുത്താത്ത തരത്തില്‍ അലൈന്‍മെന്റ് മാറ്റണം. 

പരിസ്ഥിതി സംഘടനകള്‍ മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നും മറ്റു വഴികള്‍ ഇല്ലെങ്കില്‍ മാത്രമേ നിലവിലെ അലൈന്‍മെന്റിനെ പറ്റി ആലോചിക്കാവൂ എന്നും കേന്ദ്രസംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. തണ്ണീര്‍ത്തടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കാനുള്ള എല്ലാ സാധ്യതകളും വിലയിരുത്തണം. തണ്ണീര്‍ത്തട സംരക്ഷണത്തിനു പ്രത്യേക നിയമമുള്ള കേരളത്തില്‍ ഇത്തരത്തില്‍ ഒരു തീരുമാനമുണ്ടായത് ദുഖകരമാണെന്നും സംഘം വിലയിരുത്തി. 

ബൈപ്പാസിനെതിരെ സമരം നടത്തിയ വയല്‍ക്കിളി കൂട്ടായ്മ അന്നു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന്‍ വഴി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രത്യേക സംഘം മേയില്‍ കീഴാറ്റൂരില്‍ പരിശോധന നടത്തിയത്. 

അതേസമയം തളിപ്പറമ്പ് ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെയെന്ന് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനമായി. ദേശീയപാത അതോറിറ്റി മൂന്ന് (എ) വിജ്ഞാപനപ്രകാരം അളന്നുകല്ലിട്ട സ്ഥലങ്ങളെല്ലാം ഉള്‍പ്പെടുത്തി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനാണ് തീരുമാനമായത്. ഇത് സംബന്ധിച്ച് മൂന്ന്(ഡി) നവിജ്ഞാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുപ്പം പുഴക്കരയില്‍ നിന്ന് കീഴാറ്റൂര്‍,കൂവോട് വഴി കുറ്റിക്കോല്‍ വരെ 5.7 കിലോമീറ്ററിലാണ് തളിപ്പറമ്പ് ബൈപ്പാസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com