സിപിഎം നേതാവിന്റെ ഭാര്യയുടേയും മകളുടേയും തട്ടിപ്പ്; പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരേ സമരവുമായി പരാതിക്കാരി

സിപിഎം നേതാവിന്റെ ഭാര്യയുടേയും മകളുടേയും തട്ടിപ്പ്; പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരേ സമരവുമായി പരാതിക്കാരി

സിപിഎം നേതാവിന്റെ ഭാര്യയും മകളും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ച് വായ്പ തട്ടിയെടുത്തെന്ന കേസിലെ അനാസ്ഥയ്‌ക്കെതിരെയാണ് പരാതിക്കാരിയായ അമിനയുടെ സമരം


കൊല്ലം: സിപിഎം പ്രാദേശിക നേതാവിന്റെ കുടുംബത്തിന് എതിരേയുള്ള തട്ടിപ്പുകേസില്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാരി അനിശ്ചിതകാല സമരത്തില്‍. സിപിഎം നേതാവിന്റെ ഭാര്യയും മകളും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ച് വായ്പ തട്ടിയെടുത്തെന്ന കേസിലെ അനാസ്ഥയ്‌ക്കെതിരെയാണ് പരാതിക്കാരിയായ അമിനയുടെ സമരം. കൊല്ലം കളക്റ്ററേറ്റിന് മുന്നിലാണ് സമരം നടക്കുന്നത്. 

പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് മുന്നില്‍ രണ്ടാഴ്ച മുന്‍പ് ആമിനയും കുടുംബവും സമരം നടത്തിയിരുന്നു. അന്ന് പൊലീസ് നല്‍കിയ വാക്ക് പാലിക്കപ്പെടാത്തതാണ് കളക്റ്ററേറ്റിലെ സമരത്തിന് കാരണമായത്. സിപിഎം ശക്തിക്കുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ശശിധരന്റെ ഭാര്യ ജയശ്രീ, മകള്‍ ഇന്ദുജ, കാവനാട് സെന്‍ട്രല്‍ ബാങ്ക് മാനേജര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ ചിലരുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതിയുടെ പരിഗണനിയിലാണ്.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം. കൊല്ലം കളക്റ്ററേറ്റിന് മുന്നില്‍ മക്കള്‍ക്കൊപ്പമാണ് ആമിന എത്തിയത്. ജില്ലാ കളക്ടര്‍ ഡോ. കാര്‍ത്തികേയന്‍ ഇവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. എന്നാല്‍ കളക്ടറുടെ ചേംബറില്‍ വച്ച് ആമിന കുഴഞ്ഞുവീണു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് ആമിന പറയുന്നു. അടുത്തയാഴ്ച മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ടെന്നും ശേഷം തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് പൊലീസ് നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com