കുമ്പസാരം നിർത്തലാക്കണം ; സ്ത്രീകൾ ബ്ലാക്ക് മെയിലിങ്ങിന് ഇരകളാകുന്നതായി ദേശീയ വനിതാ കമ്മീഷൻ

വൈദികരുടെ പീഡനകേസുകള്‍ കേരളത്തില്‍ കൂടി വരികയാണ്. ഇത്തരം കേസുകളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല
കുമ്പസാരം നിർത്തലാക്കണം ; സ്ത്രീകൾ ബ്ലാക്ക് മെയിലിങ്ങിന് ഇരകളാകുന്നതായി ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി : കുമ്പസാരം നിർത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ. കുമ്പസാരത്തിലൂടെ വനിതകൾ ബ്ലാക്ക് മെയിലിങ്ങിന് വിധേയരാകുന്നതായും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ അഭിപ്രായപ്പെട്ടു. വൈദികർ ഉൾപ്പെട്ട ലൈം​ഗിക പീഡനകേസുകൾ കേരളത്തിൽ വർധിക്കുകയാണ്. സർക്കാർ വിഷയം ​ഗൗരവമായി കാണുന്നില്ല. വൈദികർ ഉൾപ്പെട്ട പീഡനക്കേസുകൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. 

വൈദികരുടെ പീഡന കേസുകളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല. ഇവര്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നതായും വനിത കമ്മീഷന്‍ കത്തില്‍ സൂചിപ്പിക്കുന്നു.  വൈദികര്‍ക്കെതിരായ കേസുകളില്‍ പൊലീസ് അന്വേഷണത്തിന് വേഗത പോരെന്നും, അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.പലപ്പോഴും പ്രതികൾക്ക് അനുകൂലമായാണ് അന്വേഷണം പോകുന്നതെന്നും കത്തിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ കുറ്റപ്പെടുത്തി. കുമ്പസാരം വഴി സ്ത്രീകൾ ലൈം​ഗിക ചൂഷണത്തിന് വിധേയരാകുന്നത് മാത്രമല്ല, പുരുഷൻമാരെ സാമ്പത്തികമായി ബ്ലാക്ക് മെയ്ലിങ്ങിന് വിധേയരാകുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാതികൾ ലഭിച്ചതായും രേഖ ശർമ്മ കത്തിൽ ചൂണ്ടിക്കാട്ടി. 

കുമ്പസാരം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് വൈദികരാണ് അറസ്റ്റിലായത്. കേസിലെ ഒന്നും നാലും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്ക് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞതു തന്നെ പൊലീസിന്റെ മെല്ലെപ്പോക്കു മൂലമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിലും അന്വേഷണം ഇഴയുകയാണ്. കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇതിനിടെ കേസ് ഒത്തുതീര്‍ക്കാന്‍ ബിഷപ്പിനെ അനുനായികള്‍ വാഗ്ദാനങ്ങളുമായി കന്യാസ്ത്രീയുടെ ബന്ധുക്കളെ സമീപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com