പീഡനക്കേസില്‍ നിന്ന് പിന്‍മാറാന്‍ ജലന്ധര്‍ ബിഷപ്പ് വാഗ്ദാനം ചെയ്തത് അഞ്ചുകോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും; കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി

പീഡനക്കേസില്‍നിന്നു പിന്മാറാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി
പീഡനക്കേസില്‍ നിന്ന് പിന്‍മാറാന്‍ ജലന്ധര്‍ ബിഷപ്പ് വാഗ്ദാനം ചെയ്തത് അഞ്ചുകോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും; കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി

കോട്ടയം: പീഡനക്കേസില്‍നിന്നു പിന്മാറാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. പണത്തിന് പുറമെ കന്യാസ്ത്രീക്കു സഭയില്‍ ഉന്നത സ്ഥാനവും ബിഷപ്പ് വാഗ്ദാനം ചെയ്തതായി വൈക്കം ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയില്‍ സഹോദരന്‍ വ്യക്തമാക്കുന്നു. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമുണ്ടെന്നും സഹോദരന്‍ പ്രതികരിച്ചു.

രണ്ടാഴ്ച മുന്‍പ് കാലടി സ്വദേശിയായ സുഹൃത്ത് മുഖേനയാണ് ജലന്ധര്‍ ബിഷപ്പ് അനുനയ നീക്കം നടത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടരുതെന്നും നിശബ്ദത പാലിക്കണമെന്നുമായിരുന്നു ആവശ്യം. അഞ്ചു കോടി രൂപയും കന്യാസ്തീക്ക് സഭയില്‍ ചോദിക്കുന്ന സ്ഥാനവുമായിരുന്നു വാഗ്ദാനം. പണവും സ്ഥാനവും നിരസിച്ച താന്‍ കേസുമായി മുന്നോട്ടുപോകുമെന്നു വ്യക്തമാക്കിയതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങിയെന്നും മൊഴിയില്‍ പറയുന്നു. 

കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്കു കൈമാറിയത് താനാണെന്ന്‌സഹോദരന്‍ സമ്മതിച്ചു. ബിഷപ്പ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന് കര്‍ദിനാള്‍ ആവര്‍ത്തിച്ചതോടെയാണ് തെളിവ് പുറത്തുവിടാന്‍ നിര്‍ബന്ധിതരായതെന്നാണു മൊഴി. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് സഹോദരന്റെ തീരുമാനം. അതേസമയം, കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ബന്ധുവിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com