മത്സ്യത്തിനൊപ്പം പാര്‍സലായി എത്തിയത് നുരയ്ക്കുന്ന പുഴുക്കള്‍; വിലാസം തെറ്റിയതാണെന്ന്‌ റെയില്‍വേ

രണ്ടു ബോക്‌സ് മത്സ്യമാണ് ചീഞ്ഞ് പുഴുവരിച്ച നിലയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയത്. ഇത് നശിപ്പിച്ചു കളഞ്ഞുവെന്ന് റെയില്‍വേ
 മത്സ്യത്തിനൊപ്പം പാര്‍സലായി എത്തിയത് നുരയ്ക്കുന്ന പുഴുക്കള്‍; വിലാസം തെറ്റിയതാണെന്ന്‌ റെയില്‍വേ

എറണാകുളം: നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസില്‍ കയറി  മത്സ്യത്തിനൊപ്പം കൊച്ചിയിലേക്ക് എത്തിയത് നുരയ്ക്കുന്ന പുഴുക്കളായിരുന്നു.രണ്ടു ബോക്‌സ് മത്സ്യമാണ് ചീഞ്ഞ് പുഴുവരിച്ച നിലയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയത്. ഇത് നശിപ്പിച്ചു കളഞ്ഞുവെന്ന് റെയില്‍വേ അറിയിച്ചു. ഹൈദരാബാദില്‍ നിന്നും ഭോപ്പാലിലേക്ക് അയച്ച മത്സ്യം വഴി തെറ്റി കേരളത്തില്‍ എത്തിയതാണെന്നും റെയില്‍വേ പിന്നീട് വിശദീകരിച്ചു.

സംസ്ഥാനത്തേക്ക് വില്‍പ്പനയ്‌ക്കെത്തുന്ന മത്സ്യങ്ങള്‍ രാസവസ്തുക്കള്‍ ചേര്‍ത്തതും ചീഞ്ഞതുമാണെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.ആലപ്പി-ധന്‍ബാദ്, ആലപ്പി- ചെന്നൈ ട്രെയിനുകളില്‍ പതിവായി കൊച്ചിയിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം എത്താറുണ്ട്. ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സ്ഥിരം സംവിധാനമില്ലെന്ന ആക്ഷേപം ശക്തമാണ്. പാര്‍സലായി ട്രെയിന്‍മാര്‍ഗം എത്തുന്ന മത്സ്യം പരിശോധിക്കണമെങ്കില്‍ റെയില്‍വേ ഹെല്‍ത്ത് വിഭാഗം ഭക്ഷ്യസുരക്ഷാ വിഭാഗത്തിനെ അറിയിക്കേണ്ടതുണ്ട്. ഇതിന് സ്ഥിരം സംവിധാനം വരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. 

പാര്‍സല്‍ എത്തിക്കഴിഞ്ഞാല്‍ റെയില്‍വേ സ്റ്റേഷനില്‍ ദുര്‍ഗന്ധമാണ് എന്നും സോപ്പ് വെള്ളം ഉപയോഗിച്ച് ശുചീകരണത്തൊഴിലാളികള്‍ പ്ലാറ്റ്‌ഫോം വൃത്തിയാക്കിയാല്‍ മാത്രമേ ആ പരിസരത്ത് നില്‍ക്കാനാവൂ എന്നും ആരോപണമുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇത്തരം ഇറക്കുമതി തടയണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com