മെഡിക്കല്‍ പ്രവേശനത്തിനായി കുറച്ചുകൂടി കാത്തിരിക്കണം; രണ്ടാം അലോട്ട്‌മെന്റിന്റെ തിയതി മാറ്റി

അഖിലേന്ത്യാ ക്വോട്ടയില്‍ നിന്ന് സംസ്ഥാനത്തിന് തിരിച്ചുനല്‍കാനുള്ള നൂറോളം മെറിറ്റ് സീറ്റുകള്‍ സ്‌പോട്ട് അഡ്മിഷനിലാവുന്നത് ഒഴിവാക്കാനാണ് അലോട്ട്‌മെന്റ് നീട്ടിയത്
മെഡിക്കല്‍ പ്രവേശനത്തിനായി കുറച്ചുകൂടി കാത്തിരിക്കണം; രണ്ടാം അലോട്ട്‌മെന്റിന്റെ തിയതി മാറ്റി

തിരുവനന്തപുരം; എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റിന്റെ തിയതി മാറ്റി. 26 ന് അലോട്ട്‌മെന്റ് നടക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട  കൗണ്‍സലിങ്ങിന് ശേഷം സംസ്ഥാനത്തെ അലോട്ട്‌മെന്റ് മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് തിയതി മാറ്റിയത്. 

അഖിലേന്ത്യാ ക്വോട്ടയില്‍ നിന്ന് സംസ്ഥാനത്തിന് തിരിച്ചുനല്‍കാനുള്ള നൂറോളം മെറിറ്റ് സീറ്റുകള്‍ സ്‌പോട്ട് അഡ്മിഷനിലാവുന്നത് ഒഴിവാക്കാനാണ് അലോട്ട്‌മെന്റ് നീട്ടിയത്. എന്‍ജിനീയറിംഗ് ഉള്‍പ്പടെയുള്ള മറ്റുള്ള കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റ് 26 ന് തന്നെ നടക്കും. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ കോളേജുകളിലും സ്വാശ്രയ, സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലും ബിഫാം കോഴ്‌സിലേക്കുമുള്ള അലോട്ട്‌മെന്റ് 26 ന് പ്രസിദ്ധീകരിക്കും. 

രാജ്യത്തെ ഗവ. മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനും സീറ്റുകള്‍ ഒറ്റപ്പൂളായി പരിഗണിച്ചാണ് അഖിലേന്ത്യാ പ്രവേശനം. സംസ്ഥാനത്ത് പ്രവേശനം കിട്ടുന്ന അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പ്രവേശനം സ്വീകരിക്കാതെ വരുമ്പോഴും ഒഴിവു വരുന്ന സീറ്റുകള്‍ സംസ്ഥാനത്തിന് തിരിച്ചു ലഭിക്കാറുണ്ട്. അവസാനത്തെ പൊതു കൗണ്‍സലിംഗാണ് ഇനി നടത്താനുള്ളത്. അതിനുശേഷമുള്ള ഒഴിവുകള്‍ സ്‌പോട്ട് അഡ്മിഷനിലേക്ക് മാറ്റുകയാണ് പതിവ്. കേന്ദ്രം തിരിച്ചുനല്‍കുന്ന സീറ്റുകള്‍ ഏറ്റവും മെരിറ്റുള്ള കുട്ടികള്‍ക്ക് ലഭിക്കണമെങ്കില്‍ രണ്ടാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തിയേ പറ്റൂ. അഖിലേന്ത്യാ ക്വോട്ടയില്‍ ബാക്കിയായി തിരികെ ലഭിക്കുന്ന സീറ്റുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ നികത്തുന്നത് കുട്ടികള്‍ക്ക് പ്രശ്‌നമാണ്.

അഖിലേന്ത്യാ ക്വോട്ടയില്‍ രണ്ടാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റ് ഉപേക്ഷിക്കുന്നതില്‍ തടസമുണ്ട്. രണ്ടാം അലോട്ട്‌മെന്റില്‍ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടുന്നവര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാനുമാവില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com