സര്‍വീസിലിരിക്കെ പൊലീസുകാര്‍ക്ക് വധശിക്ഷ രണ്ടാം തവണ; രണ്ടും കേരളത്തില്‍

സര്‍വീസിലിരിക്കെ പൊലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കേസാണ് ഉദയകുമാര്‍ ഉരുട്ടിക്കൊല
സര്‍വീസിലിരിക്കെ പൊലീസുകാര്‍ക്ക് വധശിക്ഷ രണ്ടാം തവണ; രണ്ടും കേരളത്തില്‍

തിരുവനന്തപുരം: സര്‍വീസിലിരിക്കെ പൊലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കേസാണ് ഉദയകുമാര്‍ ഉരുട്ടിക്കൊല. കസ്റ്റഡിമരണത്തിന് വധശിക്ഷ വിധിച്ച രാജ്യത്തെ ആദ്യ കേസും കേരളത്തില്‍തന്നെ. 1983ല്‍ തൃശൂര്‍ ജില്ലയിലെ മലക്കപ്പാറയിലെ കസ്റ്റഡിമരണത്തിലാണ് പൊലീസുകാരന് ആദ്യ വധശിക്ഷ  ലഭിച്ചത്.  മലക്കപ്പാറ സ്‌റ്റേഷനിലെ റൈറ്ററായിരുന്ന ബാലകൃഷ്ണനാണ് ശിക്ഷ ലഭിച്ചത്. ഇത് പിന്നീട് ഹൈക്കൊടതി ജീവപര്യന്തമാക്കുകയും സുപ്രീംകോടതി വെറുതെ വിടുകയുംചെയ്തു.  

1982 സെപ്തംബര്‍ 23നാണ് സംഭവം. വെറ്റിലപ്പാറ വാച്ചുമരം സ്വദേശിയായ ആദിവാസി രാമനെ (60) മലക്കപ്പാറ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലിട്ട് മര്‍ദിച്ചുകൊന്നുവെന്നാണ് കേസ്. ആനക്കൊമ്പ് കൈവശമുണ്ടെന്ന് പറഞ്ഞ് പൊലീസുകാരന്‍ ചാക്കുണ്ണിയാണ് രാമന്‍കുട്ടിയെ വൈകിട്ട് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നത്.  രാമന്‍കുട്ടിയെ രാത്രി മുഴുവന്‍ അതിക്രൂരമായി ബാലകൃഷ്ണന്‍  മര്‍ദിച്ചു. അടിയേറ്റ് വാരിയെല്ല് പലതും പൊട്ടി നെഞ്ചില്‍ തറഞ്ഞു.  അവശനായ രാമന്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാനും  പൊലീസ് തയ്യാറായില്ല. പിറ്റേന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍  രാമന്‍കുട്ടി മരിച്ചു.

കൊലപാതകമുള്‍പ്പെടെ പല കേസുകളിലും പൊലീസുകാര്‍ ശിക്ഷിക്കപ്പെടുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിമരണത്തിലും അല്ലാതെയുമായി മൂന്നുകേസില്‍ പൊലീസുകാര്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടു. എറണാകുളത്തെ പ്രവീണ്‍ വധക്കേസില്‍ ഡിവൈഎസ്പി ഷാജി ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. പന്ന്യന്നൂര്‍ സോമന്‍ കേസിലും പൊലീസുദ്യോഗസ്ഥന് ജീവപര്യന്തം ശിക്ഷ ലഭിച്ചു.

ഒരാളെ പൊലീസ് അറസ്റ്റുചെയ്താല്‍ അടുത്ത ബന്ധുക്കളെ വിവരമറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. നിയമസഹായം തേടാന്‍ അനുവാദം നല്‍കണം. എന്തിനാണ് അറസ്റ്റുചെയ്തതെന്ന കാര്യം പിടികൂടിയ ആളെ അറിയിക്കണം. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. സ്‌റ്റേഷനിലെ ജിഡി രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, ഉദയകുമാറിന്റെ കാര്യത്തില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com