മതകാര്യങ്ങളില്‍ ഇടപെടില്ല ; കുമ്പസാരം നിര്‍ത്തലാക്കണമെന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് കണ്ണന്താനം

കുമ്പസാരം നിരോധിക്കണമെന്നത് കേന്ദ്രസര്‍ക്കാര്‍ നിലപാടല്ല. രേഖ ശര്‍മ്മ പറഞ്ഞ നിലപാടുമായി കേന്ദ്രസര്‍ക്കാരിന് ഒരു ബന്ധവുമില്ല
മതകാര്യങ്ങളില്‍ ഇടപെടില്ല ; കുമ്പസാരം നിര്‍ത്തലാക്കണമെന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് കണ്ണന്താനം

ന്യൂഡല്‍ഹി : കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കുമ്പസാരം നിരോധിക്കണമെന്നത് കേന്ദ്രസര്‍ക്കാര്‍ നിലപാടല്ല. രേഖ ശര്‍മ്മ പറഞ്ഞ നിലപാടുമായി കേന്ദ്രസര്‍ക്കാരിന് ഒരു ബന്ധവുമില്ല. കുമ്പസാരം നിരോധിക്കണം എന്നത് രേഖ ശര്‍മ്മയുടെ വ്യക്തിപരമായ അഭിപ്രായമാണ്. മതകാര്യങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇടപെടില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. 

കുമ്പസാരം മറയാക്കി വൈദികര്‍ സ്ത്രീകളെ അടക്കം ചൂഷണം ചെയ്യുന്നുണ്ടെന്നും, അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നുമായിരുന്നു രേഖ ശര്‍മ്മ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നല്‍കിയ ശുപാര്‍ശയില്‍ ആവശ്യപ്പെട്ടത്. രേഖ ശര്‍മ്മയുടെ പ്രസ്താവനക്കെതിരെ ബിജെപിയിലും വിരുദ്ധാഭിപ്രായം ഉയര്‍ന്നു. 

വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളിക്കളയണമെന്ന് ബിജെപി നേതാവും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ ജോര്‍ജ്ജ് കുര്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണ്. ശുപാര്‍ശ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുന്നത്. പള്ളികളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വനിതാ കമ്മീഷന്‍ നിര്‍ദേശം. ഭരണഘടനാ പദവിയിലുള്ളവര്‍ മതവികാരം വ്രണപ്പെടുത്തരുതെന്നും കത്തില്‍ ജോര്‍ജ്ജ് കുര്യന്‍ ആവശ്യപ്പെട്ടു. കെസിബിസി നല്‍കിയ പരാതിക്കൊപ്പം സ്വന്തം അഭിപ്രായം കൂടി രേഖപ്പെടുത്തിയാണ് ജോര്‍ജ്ജ് കുര്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.  ക്രിസ്ത്യാനികളുടെ വികാരം വ്രണപ്പെടുന്നതാണ് വനിതാ കമ്മീഷന്റെ നിര്‍ദേശമെന്ന് കെസിബിസിയും അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com