'മാറിക്കിടക്കെടോ എന്ന് ഞാന്‍ അലറിവിളിച്ച ഉടനെ അയാള്‍ മോങ്ങാന്‍ തുടങ്ങി'; ദളിത് ആക്റ്റിവിസ്റ്റ് രൂപേഷ് കുമാറിനെതിരേ മാധ്യമപ്രവര്‍ത്തക

'രാത്രിയിലെ സംഭവവികാസങ്ങള്‍ അതിലും ഭയാനകമായിരുന്നു. മദ്യപിച്ച് കഴിഞ്ഞപ്പോള്‍ പുള്ളിക്ക് ഞാന്‍ അതീവ സുന്ദരിയായി തോന്നി. ഉമ്മ വെക്കണം കെട്ടി പിടിക്കണം എന്ന ആവശ്യങ്ങള്‍ വേറെ'
'മാറിക്കിടക്കെടോ എന്ന് ഞാന്‍ അലറിവിളിച്ച ഉടനെ അയാള്‍ മോങ്ങാന്‍ തുടങ്ങി'; ദളിത് ആക്റ്റിവിസ്റ്റ് രൂപേഷ് കുമാറിനെതിരേ മാധ്യമപ്രവര്‍ത്തക

ളിത് ആക്റ്റിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ് കുമാറിനെതിരേ മാധ്യമപ്രവര്‍ത്തക രംഗത്ത്. മോശമായി പെരുമാറുകയും ലൈംഗിക അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു എന്ന ആരോപണവുമായി ആരതി രഞ്ജിത്താണ് രംഗത്തെത്തിയിരിക്കുന്നത്. രൂപേഷിനൊപ്പമുള്ള ഒരു യാത്രക്കിടെയാണ് ഇയാളില്‍ നിന്ന് ആരതിക്ക് മോശം അനുഭവമുണ്ടാകുന്നത്. തൂത്തുക്കുടിയിലെ സ്റ്റാര്‍ലെറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കവര്‍ ചെയ്യാന്‍ പോകുമ്പോഴായിരുന്നു സംഭവം. 

മദ്യപിച്ചതിന് ശേഷം ഉമ്മവെക്കണമെന്നും കെട്ടിപ്പിടിക്കണമെന്നുമുള്ള ആവശ്യങ്ങളുമായി അയാള്‍ സമീപിച്ചുവെന്നും ആരതി വ്യക്തമാക്കി. പൊതുവേദികളില്‍ പ്രസംഗിക്കുകയും നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട് തള്ളുകയും ചെയ്തിട്ട് ഒട്ടും ഉളുപ്പില്ലാതെ സ്ത്രീകള്‍ക്ക് നേരെ കടന്നാക്രമിക്കുന്നവനെ, അവന്‍ ദളിതനായാലും സവര്‍ണനായാലും ഒരു ന്യായീകരണം കൊണ്ടും മറകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ താല്പര്യമില്ലെന്നാണ് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ആരതി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ് ആരതിയുടെ പോസ്റ്റ്

ആരതിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

ഇത്തിരി വല്യ പോസ്റ്റാണ്. ഈ ജൂലൈ 7ാം തീയതി തൂത്തുക്കുടിയിലേക്ക് ഒരു യാത്ര പോയിരുന്നു. സ്‌റ്റെര്‍ലൈറ്റ് പ്രശ്‌നങ്ങള്‍ക്ക് ശേഷമുള്ള തൂത്തുക്കുടി ജീവിതം കവര്‍ ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. ദളിത് ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ രൂപേഷ് കുമാറിനൊപ്പമാണ് യാത്ര നടത്തിയത്. ഒരുപക്ഷേ ജീവിതത്തില്‍ ഇത്രയധികം പേടിച്ചുകൊണ്ട് ഒരു യാത്ര ഞാന്‍ ചെയ്തിട്ടുണ്ടാവില്ല.

ഏഴാം തീയതി പതിനൊന്ന് മണിയോട് കൂടിയാണ് തമ്പാനൂരില്‍ നിന്ന് ബസിന് യാത്ര തുടങ്ങിയത്. കുറെയധികം സംസാരിച്ചു. ജീവിതം, രാഷ്ട്രീയം തുടങ്ങി പല കാര്യങ്ങള്‍. വളരെ സന്തോഷത്തിലാണെന്നും ഇങ്ങനെയൊരു പെണ്ണിനെ ആദ്യമായി പരിചയപ്പെടുവാണെന്നും രൂപേഷ് പറഞ്ഞു. അതിനിടയില്‍ എപ്പോഴോ ഫെയ്‌സ്ബുക്കിലെ എന്റെ പ്രൊഫൈല്‍ പിക്ചര്‍ കാണിച്ചു കൊണ്ട് അയാള്‍ പറഞ്ഞു

' ഈ ഫോട്ടോ കണ്ടിട്ടാണ് നിന്റെ കൂടെ തൂത്തുക്കുടി വരാമെന്ന് ഞാന്‍ ഉറപ്പിച്ചത്' ഞാന്‍ ആകെ വല്ലാണ്ട് ആയിപ്പോയി. ഈ ഊളത്തരം പൊഴിഞ്ഞ അതേ വായില്‍ നിന്നാണ് കാലയുടെ രാഷ്ട്രീയത്തെപ്പറ്റി സംവാദം നടന്ന വേദിയില്‍ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ ദളിത് സ്ത്രീകള്‍ ഇല്ലെന്നും സ്ത്രീ സമത്വം ഇല്ലെന്നും ഘോരഘോരം പ്രസംഗിച്ചത്. നേരം പോകുന്തോറും അയാളുടെ പൊയ്മുഖം അഴിഞ്ഞു വീഴുകയായിരുന്നു. ഫെയ്‌സ്ബുക്കിലെ സ്റ്റാറ്റസുകള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെ, കമന്റുകളുടെ എണ്ണം തിട്ടപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന, അതിലൂടെ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരു ചൊറിയന്‍ പുഴു മാത്രമാണ് അയാള്‍ എന്ന് വൈകുന്നേരത്തോടെ തന്നെ ഞാന്‍ മനസിലാക്കി.

രാത്രിയിലെ സംഭവവികാസങ്ങള്‍ അതിലും ഭയാനകമായിരുന്നു. മദ്യപിച്ച് കഴിഞ്ഞപ്പോള്‍ പുള്ളിക്ക് ഞാന്‍ അതീവ സുന്ദരിയായി തോന്നി. ഉമ്മ വെക്കണം കെട്ടി പിടിക്കണം എന്ന ആവശ്യങ്ങള്‍ വേറെ. എന്റെ ദേഹത്ത് തൊട്ടാല്‍ കൊന്നു കളയുമെന്ന് ഞാന്‍. അപ്പോള്‍ പുള്ളിയുടെ അടുത്ത് അടവ്.. എനിക്ക് ഒരു അമ്മേടേം അച്ഛന്റേം സ്‌നേഹം കിട്ടീട്ടില്ല.. എന്ന ഇന്നസെന്റ് മട്ട്. ഭാര്യയുമായി വേര്‍പിരിഞ്ഞ് നിക്കുവാണ്.. സ്‌നേഹം വേണമെന്ന്. മാറിക്കിടക്കെടോ എന്ന് ഞാന്‍ അലറിവിളിച്ച ഉടനെ അയാള്‍ മോങ്ങാന്‍ തുടങ്ങി. എനിക്ക് അയാളെ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അയാള്‍ ഉറങ്ങി. പക്ഷേ പേടിയും വെറുപ്പും കൊണ്ട് ആ രാത്രി അത്രയേറെ യാത്രാക്ഷീണം ഉണ്ടായിരുന്നിട്ടും എനിക്ക് ഉറങ്ങാനേ പറ്റീല.

പിറ്റേ ദിവസം രാവിലെ വീണ്ടും പകല്‍ മാന്യനായി അയാള്‍ ഇറങ്ങി. ഉറക്കമില്ലായ്മയും യാത്രാക്ഷീണവുമായി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാന്‍. എനിക്ക് എത്രയും പെട്ടെന്ന് തിരിച്ച് വന്നാല്‍ മതിയെന്നായി. ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഞാന്‍ കഴിഞ്ഞ രാത്രിയിലെ അയാളുടെ പെരുമാറ്റത്തെ പറ്റി ചോദിച്ചു. ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയോട് പെരുമാറുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പിന്നെ നീ എന്ത് കണ്ടിട്ടാണ് ഇത്രയും ദൂരം എന്നോടൊപ്പം വന്നതെന്നാണ് അയാള്‍ തിരിച്ച് ചോദിച്ചത്. ആ മലരന്‍ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഇരുന്നു പോയി. ഞാന്‍ എന്റെ ജോലിക്ക് മാത്രമാണ് വന്നതെന്നും അതിന് ഒരു പുരുഷന്റെ കൂടെയല്ല ഒരു മാധ്യമപ്രവര്‍ത്തകന്റെ കൂടെയാണ് ഞാന്‍ വന്നതെന്നും മറുപടി കൊടുത്തു. കുടിച്ച് ബോധമില്ലാതെ ചെയ്തതാണെന്ന് പറഞ്ഞ് അയാള്‍ ക്ഷമ ചോദിച്ചു. കൂടുതലൊന്നും ശ്രദ്ധിക്കാനാകാതെ ഞാന്‍ അസ്വസ്ഥയായി. എത്രയും പെട്ടെന്ന് വീടെത്തണം. വൈഭൂന്റെ (മകന്‍) ഫോട്ടോ പതിവിലേറെ തവണ നോക്കി. തിരുനെല്‍വേലിയില്‍ നിന്ന് ട്രെയിന്‍ കയറിയിട്ടാണ് ഉറങ്ങിയത്.

ഇത് ആരോടും പറയണമെന്ന് എനിക്കില്ലായിരുന്നു. പക്ഷേ ഈയിടെയായി അറിയുന്നതൊക്കെയും വല്ലാണ്ട് വേദനിപ്പിക്കുന്നു. പ്രതിസ്ഥാനത്ത് ഒരേ മലരന്‍മാര്‍, അവരുടെ സംഘം. പേര് പറയാതെ പലരും ഇതിനോടകം ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടുകഴിഞ്ഞു. പക്ഷേ അവര്‍ക്ക് അങ്ങനൊരു മറ നല്‍കുന്നതില്‍ യാതൊരു യോജിപ്പുമില്ല. അതുകൊണ്ടാണ് പേരും സ്ഥലവും സമയവും നല്‍കി ഒരു പോസ്റ്റ്.

ജോലി സ്ഥലത്ത് സ്ത്രീ സമത്വം വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അഭിപ്രായപ്പെടുന്നതില്‍ ഉപരി അത് പ്രാവര്‍ത്തികമാക്കുന്നവളാണ് ഞാന്‍. പക്ഷേ പൊതുവേദികളില്‍ പ്രസംഗിക്കുകയും നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട് തള്ളുകയും ചെയ്തിട്ട് ഒട്ടും ഉളുപ്പില്ലാതെ സ്ത്രീകള്‍ക്ക് നേരെ കടന്നാക്രമിക്കുന്നവനെ, അവന്‍ ദളിതനായാലും സവര്‍ണനായാലും ഒരു ന്യായീകരണം കൊണ്ടും മറകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ താല്പര്യമില്ല. രൂപേഷ് കുമാര്‍, നിങ്ങള്‍ തുരുത്തിയിലെ പെണ്‍കുട്ടികള്‍ എന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് പറയുമ്പോള്‍ എനിക്ക് ഇപ്പോള്‍ പേടിയാണ്. കാരണം അത് പോലൊരു ഇര ഇന്നലെ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അവളുടെ അനുഭവം കേട്ട് തരിച്ചിരുന്നു പോയി.

'പൂമൊട്ടുകളെ കൈവെള്ളയിലിട്ട് ഞെരിച്ചിട്ടല്ല വരാന്‍ പോകുന്ന വസന്തത്തെക്കുറിച്ച് സംസാരിക്കേണ്ടത്.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com