അഭിമന്യു വധം : ആയുധങ്ങളെത്തിച്ചത് സനീഷ് ; അക്രമികളെ രക്ഷപ്പെടുത്താൻ പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട്

കത്തി, ഇടിക്കട്ട, ഉരുട്ടിയ മരവടി തുടങ്ങിയ മാരകായുധങ്ങൾ എത്തിച്ചത് സനീഷാണ്. അക്രമി സംഘത്തെ രക്ഷപ്പെടുത്താനായി ഒരു ഓട്ടോറിക്ഷ എം.ജി റോഡില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു
അഭിമന്യു വധം : ആയുധങ്ങളെത്തിച്ചത് സനീഷ് ; അക്രമികളെ രക്ഷപ്പെടുത്താൻ പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട്

കൊച്ചി: അഭിമന്യു വധക്കേസിൽ ആക്രമികൾക്ക് ആയുധങ്ങളെത്തിച്ചത് ആറാം പ്രതി സനീഷെന്ന് പൊലീസ്. കത്തി കരുതിയിരുന്നത് സനീഷാണ്. കത്തി, ഇടിക്കട്ട, ഉരുട്ടിയ മരവടി തുടങ്ങിയ മാരകായുധങ്ങൾ എത്തിച്ചത് സനീഷാണ്. എസ്എഫ്ഐ പ്രവർത്തകരെ കത്തി വീശി സനീഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ അഭിമന്യുവിനെ കുത്തിയത് ആരെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. 

കേസിലെ കൊലപാതകികളെ രക്ഷപ്പെടുത്താൻ പ്രത്യേക സംഘം കോളേജിന് പുറത്ത് തമ്പടിച്ചിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.  ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ എസ്എഫ്ഐക്കാരെ നേരിടാനെത്തിയ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിനാണ് പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചത്. പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച, കൊലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്ന റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

അക്രമി സംഘത്തെ രക്ഷപ്പെടുത്താനായി രാത്രി 11 മണി മുതല്‍ ഇതിനായി ഒരു ഓട്ടോറിക്ഷ എം.ജി റോഡില്‍ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഭിമന്യു വധക്കേസിൽ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജമ്പാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവിലുള്ള പ്രതികള്‍. 

അഭിമന്യുവിനെ കുത്തിയ എസ്ഡിപിഐ പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കുത്താന്‍ ഉപയോഗിച്ച കത്തി ഉള്‍പ്പടെയുള്ള സാധനങ്ങൾ കണ്ടെടുക്കാനാകൂ എന്നും പൊലീസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതിനിടെ കേസിൽ പിടിയിലായ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. റാഫിയെയും, കേസിലെ ഒന്നാം പ്രതി മഹാരാജാസ് കോളേജ് വിദ്യാർത്ഥി മുഹമ്മദിനെയും ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും നിർണായകമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com