അണക്കെട്ട് നേരത്തെ തുറന്നേക്കും ; ഇടുക്കിയിൽ കനത്ത ജാ​ഗ്രത, പെരിയാറിന്റെ തീരത്തുള്ളവർക്ക് നോട്ടീസ് നൽകും

ജലനിരപ്പ് 2397 അടിയാകുമ്പോൾ തുറക്കാനാണ് ആലോചന. ആദ്യഘട്ടത്തിൽ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തും.  12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി
അണക്കെട്ട് നേരത്തെ തുറന്നേക്കും ; ഇടുക്കിയിൽ കനത്ത ജാ​ഗ്രത, പെരിയാറിന്റെ തീരത്തുള്ളവർക്ക് നോട്ടീസ് നൽകും

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. അണക്കെട്ട് നേരത്തെ തുറന്നേക്കുമെന്നാണ് സൂചന. ജലനിരപ്പ് 2397 അടിയാകുമ്പോൾ തുറക്കാനാണ് ആലോചന. ആദ്യഘട്ടത്തിൽ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തും. ഇതിന്റെ ഭാ​ഗമായി പെരിയാറിന്റെ തീരത്തുള്ളവർക്ക് നാളെ നോട്ടീസ് നൽകും. ഒഴിപ്പിക്കുന്നവർക്കായി 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. ഷട്ടർ തുറക്കുന്നത് കാണാനെത്തുന്നവരെ നിയന്ത്രിക്കാനും ഇടുക്കിയിൽ ചേർന്ന ഉന്നത തലയോ​ഗത്തിൽ തീരുമാനമായി. 

ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ വെള്ളം ഒഴുകി പോകേണ്ട ചാലുകളിലെ തടസ്സം നീക്കുന്ന ജോലി നേരത്തെ ആരംഭിച്ചിരുന്നു. ചെറുതോണി പുഴയിലെ മണ്‍തിട്ടകളും നീക്കുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2394.7 അടിയായാണ് ഉയര്‍ന്നിട്ടുള്ളത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി സ്ഥിതി​ഗതികളും സുര​ക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനാണ് ഇടുക്കിയിൽ ഉന്നത തലയോ​ഗം ചേർന്നത്. എഡിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു യോ​ഗം. യോ​ഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥരും പങ്കെടുത്തു. 

ജലനിരപ്പ് 2395 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കും. അണക്കെട്ടിന് മുകളില്‍ ഇന്ന് രാത്രി കണ്‍ട്രോള്‍ റൂം തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള മുന്‍കരുതല്‍ നടപടികള്‍ വിവിധ വകുപ്പുകള്‍ പരിശോധിച്ചു വരികയാണ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 24.4  ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. 9.8 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നാലുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് മന്ത്രി എംഎം മണി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലെത്താന്‍ കാത്തിരിക്കില്ല. വേണ്ടി വന്നാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com