ഇടുക്കിയിൽ ജലനിരപ്പ് 2394 അടിയായി, ഒരടി കൂടി ഉയർന്നാൽ  'ഓറഞ്ച് അലര്‍ട്ട്' ; കൺട്രോൾ റൂം ഇന്ന് തുറക്കും

അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 24.4  ദശലക്ഷം ഘനമീറ്റർ വെള്ളമാണ്
ഇടുക്കിയിൽ ജലനിരപ്പ് 2394 അടിയായി, ഒരടി കൂടി ഉയർന്നാൽ  'ഓറഞ്ച് അലര്‍ട്ട്' ; കൺട്രോൾ റൂം ഇന്ന് തുറക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്  വീണ്ടും ഉയർന്നു. ജലനിരപ്പ് ഇപ്പോൾ 2394 അടിയായി. ഒരടി കൂടി ഉയർന്നാൽ  ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കും. അണക്കെട്ടിന് മുകളിൽ ഇന്ന് രാത്രി കൺട്രോൾ റൂം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള മുൻകരുതൽ നടപടികൾ വിവിധ വകുപ്പുകൾ പരിശോധിച്ചു വരികയാണ്. 

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെയും ശക്തമായ മഴയാണ് ലഭിച്ചത്. ഇതേത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 24.4  ദശലക്ഷം ഘനമീറ്റർ വെള്ളമാണ്. 9.8 ദശലക്ഷം ഘനമീറ്റർ ജലമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോ​ഗിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

വെള്ളം ഉയരുന്ന മുറയ്ക്ക് ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കാനാണ് ആലോചന. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും. അത്  അണക്കെട്ടിന്റെ ഓരത്തുള്ള ചെറുതോണി പട്ടണത്തിനും സമീപ പ്രദേശങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചേക്കാം. വെള്ളപ്പൊക്കം കണക്കിലെടുത്ത് സമീപ പ്രദേശത്തെ ആയിരത്തോളം പേരെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

ജലനിരപ്പ് 2400 അടിയാകാൻ കാത്തുനിൽക്കില്ലെന്ന് സ്ഥിതി വിലയിരുത്തിയശേഷം മന്ത്രി എംഎം മണി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷ പരി​ഗണിച്ച് രാത്രി ഷട്ടറുകൾ തുറക്കില്ലെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. ഓറഞ്ച് അലർട്ട് നൽകുന്നതിനുപിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുമ്പായി ഡാം തുറക്കാനാണ് തീരുമാനം. ഇതിനു മുൻപ് ചെറുതോണി അണക്കെട്ട് തുറന്നത് 1992ൽ ആയിരുന്നു.  

ഇടുക്കി ജില്ലയുടെ പല ഭാഗത്തും കഴിഞ്ഞ ദിവസമെല്ലാം കനത്ത മഴ തുടരുകയാണ്. തൊടുപുഴയ്ക്കു സമീപം തൊമ്മൻകുത്തിൽ വനത്തിനുള്ളിൽ ഇന്നു പുലർച്ചെ ഉരുൾപൊട്ടി. സമീപമുള്ള കരിമണ്ണൂരിൽ വീടുകളിൽ വെള്ളം കയറി. മുല്ലപ്പെരിയാർ അണക്കട്ടിൽ ജലനിരപ്പ് 135.95 അടിയാണ്. വെള്ളം തമിഴ്നാട്ടിലേക്കു തുറന്നുവിട്ടിട്ടുണ്ട്. എന്നിട്ടും ജലനിരപ്പ് നിയന്ത്രിക്കാനായില്ലെങ്കിൽ സ്പിൽവേ വഴി ഇടുക്കി അണക്കെട്ടിലേക്കും വെള്ളം ഒഴുക്കിവിടും. കോട്ടയത്ത് മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് ഈരാറ്റുപേട്ട, ഭരണങ്ങാനം തുടങ്ങിയ പ്രദേശങ്ങിൽ വീടുകളിൽ വെള്ളം കയറി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com