ഡാം തുറക്കുമ്പോള്‍ പരിഭ്രാന്തരാകരുത്: അഞ്ച് പഞ്ചായത്തുകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്; ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഡാം തുറക്കുമ്പോള്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാഹണ അതോറിറ്റി ഇടുക്കി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി
ഡാം തുറക്കുമ്പോള്‍ പരിഭ്രാന്തരാകരുത്: അഞ്ച് പഞ്ചായത്തുകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്; ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറന്നാല്‍ അപകടസാധ്യതയുള്ളതിനാല്‍ പുഴയുടെ തീരത്തു വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ വെള്ളം കയറിയ എല്ലാ സ്ഥലങ്ങളിലുമുള്ളവര്‍ സുരക്ഷാ മുന്‍കരുതലുകളെടുക്കണം. ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ വിനോദസഞ്ചാരികളായി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് തടസം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. 

ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ 

 ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്.   

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും ഒഴിവാക്കുക.

 നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും  എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കിവയ്ക്കണം. ടോര്‍ച്ച്, റേഡിയോ, കുടിവെള്ളം, ഒരു പാക്കറ്റ് ഒആര്‍എസ്, അത്യാവശ്യമരുന്നുകള്‍, 100 ഗ്രാം കപ്പലണ്ടി,  100  ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ചെറിയ കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ചാര്‍ജ് ചെയ്ത മൊബൈള്‍ ഫോണ്‍, അത്യാവശ്യത്തിനു പണം എന്നിവ കിറ്റില്‍ വേണം. 

പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ  വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക. 

ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക. 

 ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.  

ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് മാറാന്‍ ശ്രമിക്കുക.  

 വെള്ളം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക.  

 ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍ 

എറണാകുളം  04841077 (ങീയ: 7902200300, 7902200400)

ഇടുക്കി  048621077 (ങീയ: 9061566111, 9383463036)

തൃശൂര്‍   04871077, 2363424 (ങീയ: 9447074424)

പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍  അറിയിക്കുക.

വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍  ഉയരത്തില്‍ വെക്കുക.

വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് നീന്താന്‍ അറിയും.  

വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക.

താഴ്ന്ന പ്രദേശത്തെ ഫ്‌ലാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ലാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com