രണ്ടാനമ്മയുടെ ക്രൂരത പുറത്തെത്തിച്ചതിന് അഭിനന്ദിക്കുകയായിരുന്നു വേണ്ടത്; അധ്യാപികയെ പുറത്താക്കിയത് അംഗീകരിക്കാനാകില്ല: പിണറായി 

ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണിത്. കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്
രണ്ടാനമ്മയുടെ ക്രൂരത പുറത്തെത്തിച്ചതിന് അഭിനന്ദിക്കുകയായിരുന്നു വേണ്ടത്; അധ്യാപികയെ പുറത്താക്കിയത് അംഗീകരിക്കാനാകില്ല: പിണറായി 

തിരുവനന്തപുരം:  രണ്ടാനമ്മ ക്രൂരമായി പൊള്ളിച്ച രണ്ടാം ക്ലാസുകാരിയുടെ വാര്‍ത്ത പുറത്തെത്തിച്ച ടീച്ചറെ പുറത്താക്കിയ സ്‌കൂളിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണിത്. കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സംഭവിച്ച പിശക് ആ സ്‌കൂള്‍ മാനേജ്‌മെന്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികള്‍ നമ്മുടെ നാടിന്റെ സമ്പത്താണ്. അവര്‍ ശരിയായ ദിശയില്‍ വളര്‍ന്നു വലുതാവുകയും വേണം. കുരുന്നുകളോടുള്ള ക്രൂരത ഏതു ഭാഗത്തു നിന്നുണ്ടായാലും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണ്. അത്തരം ക്രൂരതകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അഭിനന്ദാര്‍ഹം തന്നെയാണ്.വീടു പോലെ തന്നെ കുട്ടികള്‍ സുരക്ഷിതമായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് സ്‌കൂളുകള്‍. ഇത്തരം വിഷയങ്ങളില്‍ നിയമപരമായ മാര്‍ഗം തേടുന്നതിനാകണം അധ്യാപകരുടെ ഊന്നലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കുട്ടിയുടെ നീതിക്കായി ശബ്ദമുയര്‍ത്തിയ കരുനാഗപ്പള്ളി എല്‍പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ ശ്രീജയെ ആണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. അധ്യാപിക ശ്രീജ സ്‌കൂളിന്റെ പേര് കളങ്കപ്പെടുത്തിയെന്നാണ് പ്രിന്‍സിപ്പാള്‍ നല്‍കുന്ന വിശദീകരണം.

കൊല്ലം കരുനാഗപ്പള്ളയിലാണ് രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ച സംഭവമുണ്ടായത്. അധ്യാപകര്‍ അറിയിച്ചതിന്റെ ഭാഗമായി ശിശുസംരക്ഷണ സമിതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. പിന്നീട്, ശിശുസംരക്ഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ അച്ഛന്‍ അനീഷിനെയും രണ്ടാനമ്മ ആര്യയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ രണ്ടാനമ്മ നാളുകളായി ക്രൂരമായി പീഡിപ്പിച്ച് വരികയായിരുന്നു. അനുസരണക്കേട് കാണിച്ചതിനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ചെയ്തത്. ഒരാഴ്ചയായി സ്‌കൂളില്‍ വരാത്ത കുട്ടിയെ അധ്യാപകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകയായ ശ്രീജയുടെ ഇടപെടലുകൊണ്ടാണ് സംഭവം പുറംലോകത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com