നിപ്പാഭീതി കാരണം മാറ്റിവച്ച കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

നിപ്പാഭീതി കാരണം മാറ്റിവെച്ച കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും.
നിപ്പാഭീതി കാരണം മാറ്റിവച്ച കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിപ്പാഭീതി കാരണം മാറ്റിവെച്ച കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. മുമ്പ് അനുവദിച്ച പരീക്ഷാകേന്ദ്രങ്ങള്‍ക്കോ രജിസ്റ്റര്‍ നമ്പരുകള്‍ക്കോ മാറ്റമില്ലെന്ന് പി.എസ്.സി. അറിയിച്ചു. 
 
കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റിന്റെ രണ്ടു കാറ്റഗറികള്‍ക്ക് പുറമെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (കാറ്റഗറി 534/2017), കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനിയില്‍ ജൂനിയര്‍ അസിസ്റ്റന്റ് (എസ്.ടിക്കാര്‍ക്കുള്ള പ്രത്യേക വിജ്ഞാപനം/ കാറ്റഗറി 396/2017)എന്നിവയ്ക്കുമായി പൊതുപരീക്ഷയാണ് നടത്തുന്നത്.
 
നാലിനും കൂടി 12.70 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇവ ക്രമീകരിച്ചപ്പോള്‍ പൊതുവായി 6.40 ലക്ഷം അപേക്ഷകരുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ 4,98,945 പേരാണ് പരീക്ഷയെഴുതുമെന്ന് ഉറപ്പ് നല്‍കിയത്. അതിനാല്‍ അവര്‍ക്ക് മാത്രമേ പരീക്ഷാ സജ്ജീകരണങ്ങള്‍ പി.എസ്.സി. ഒരുക്കിയിട്ടുള്ളൂ. 14 ജില്ലകളിലായി 2086 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള (83,559 പേര്‍) തിരുവനന്തപുരത്ത് 345 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുറവുള്ള വയനാട്ടില്‍ (10898 അപേക്ഷകര്‍) 40 പരീക്ഷാകേന്ദ്രങ്ങളുണ്ട്. 
 
കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ രണ്ട് തവണ മാറ്റിവെക്കേണ്ടി വന്നിരുന്നു. ആദ്യം മെയ് 12ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. അവധിക്കാലമായതിനാല്‍ ആവശ്യത്തിന് പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിക്കാനായില്ല. അങ്ങനെ ജൂണ്‍ ഒമ്പതിലേക്ക് മാറ്റി. നിപ ഭീതി കാരണം പിന്നീട് ഓഗസ്റ്റ് അഞ്ചിലേക്ക് നീട്ടിവെച്ചു. സാധാരണ ശനിയാഴ്ചകളിലാണ് ഇത്തരം വലിയ പരീക്ഷകള്‍ പി.എസ്.സി. നടത്തുന്നത്. എന്നാല്‍ സൗകര്യമുള്ള ശനിയാഴ്ച കണ്ടെത്തണമെങ്കില്‍ പരീക്ഷ വൈകിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ഞായറാഴ്ച പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയും ഞായറാഴ്ചയാണ് നടത്തിയത്. 
 
നാല് കാറ്റഗറിക്കുമായി ഒറ്റ പരീക്ഷ

കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ. തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന അസിസ്റ്റന്റിന്റെ ആദ്യ കാറ്റഗറിയില്‍ 6,03,496 പേരാണ് അപേക്ഷകര്‍. കെ.എസ്.ആര്‍.ടി.സി., കെ.എസ്.ഡി.പി. തുടങ്ങിയവ ഉള്‍പ്പെടുന്ന രണ്ടാം കാറ്റഗറിയില്‍ 5,94,909 അപേക്ഷകള്‍ ലഭിച്ചു. പൊതുപരീക്ഷയുടെ അടിസ്ഥാനത്തില്‍ രണ്ട് കാറ്റഗറികള്‍ക്കും വെവ്വേറെ റാങ്ക്പട്ടികകള്‍ പ്രസിദ്ധീകരിച്ചായിരിക്കും നിയമനശുപാര്‍ശ നല്‍കുന്നത്. സമാന ഉദ്യോഗാര്‍ഥികളായിരിക്കും രണ്ട് റാങ്ക്പട്ടികകളിലും ഉള്‍പ്പെടുന്നത്. ഒരാള്‍ക്ക് തന്നെ രണ്ട് കാറ്റഗറികളിലേക്കും നിയമനശുപാര്‍ശ ലഭിക്കാനുമിടയുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറാകാന്‍ 64,594 പേര്‍ അപേക്ഷിച്ചു. ഇവരും ഓഗസ്റ്റ് അഞ്ചിന്റെ പരീക്ഷ എഴുതണം. ഈ തസ്തികയ്ക്ക് മാത്രമായി ചുരുക്കപ്പട്ടിക പ്രത്യേകം പ്രസിദ്ധീകരിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com