മാസങ്ങളുടെ കാത്തിരിപ്പിന് വിരാമം; കൊട്ടിയൂരില്‍ രാജവെമ്പാലയുടെ 23 മുട്ടകള്‍ വിരിഞ്ഞു

മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊട്ടിയൂരില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ടെത്തിയ രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞു
മാസങ്ങളുടെ കാത്തിരിപ്പിന് വിരാമം; കൊട്ടിയൂരില്‍ രാജവെമ്പാലയുടെ 23 മുട്ടകള്‍ വിരിഞ്ഞു

കണ്ണൂര്‍: മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊട്ടിയൂരില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ടെത്തിയ രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞു. 26 മുട്ടകളാണ് കണ്ടെത്തിയത്. ഇതില്‍ 23 എണ്ണമാണ് കഴിഞ്ഞദിവസം വിരിഞ്ഞത്. രണ്ടെണ്ണം കൂടി വിരിയാന്‍ സാധ്യതയുണ്ട്. ഒരെണ്ണം വിരിയില്ല. 

85 ദിവസം മുമ്പാണ് കൊട്ടിയൂരിലെ വെങ്ങലോടിയില്‍ കുറ്റിമാക്കല്‍ ചാക്കോയുടെ കൃഷിയിടത്തില്‍ രാജവെമ്പാലയെയും മുട്ടകളും കണ്ടെത്തിയത്. രാജവെമ്പാലയെ അന്ന് തന്നെ പിടികൂടി വനത്തില്‍ വിട്ടു. മുട്ടകളെ വലയിട്ട് സംരക്ഷിച്ചു. ഈ മുട്ടകളാണ് കഴിഞ്ഞദിവസം വിരിഞ്ഞത്. തനത് ആവാസവ്യവസ്ഥയൊരുക്കി മൂന്നുമാസം മുന്‍പ് വിരിയിക്കാന്‍ മുട്ടകള്‍ വെച്ച കൂടുതുറന്നപ്പോള്‍ തന്നെ  അഞ്ചോളം പാമ്പിന്‍ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകളെടുത്ത് ബാക്കിമുട്ടകള്‍ ഓരോന്നും വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നു. 

റബര്‍ തോട്ടത്തിന്റെ അതിരിലൂടെ ഒഴുകുന്ന തോടിന്റെ കരയിലെ ഓടക്കൂട്ടത്തിനിടയിലാണ് രാജവെമ്പാല മുട്ടയിട്ട് കാവല്‍ നിന്നിരുന്നത്. കൂടുകൂട്ടി മുട്ടയിട്ട ദിവസം ഏതെന്ന് കൃത്യമായി അറിവില്ലാതിരുന്നതിനാല്‍ പല തവണ പരിശോധനകള്‍ നടത്തിയിരുന്നു. 

വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമംഗം റിയാസ് മാങ്ങാടിന്റെ നേതൃത്വത്തിലുളള സംഘമാണ് പാമ്പിന്‍കുഞ്ഞുങ്ങളെ പുറത്തെടുത്തത്. 
ഇവയെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഏറ്റെടുത്ത് ആറളം വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com