ഡാം തുറക്കുമ്പോള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങേണ്ട; അനുസരണക്കേട് കാണിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് കലക്റ്റര്‍

ന്നറിയിപ്പ് മറികടന്നു പെരിയാറില്‍ മീന്‍ പിടിക്കാന്‍ സാധ്യതയുള്ളവരെ കരുതല്‍ തടങ്കലില്‍ വയ്ക്കുമെന്നും ജില്ല കലക്റ്റര്‍ അറിയിച്ചു
ഡാം തുറക്കുമ്പോള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങേണ്ട; അനുസരണക്കേട് കാണിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് കലക്റ്റര്‍

ഇടുക്കി; ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. മീന്‍പിടുത്തം, സെല്‍ഫി തുടങ്ങിയവയ്ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡാം തുറന്ന് വിടുമ്പോള്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. 

ഡാം തുറന്നാല്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അത്യാവശ്യത്തിനല്ലാതെ ചെറുതോണി മേഖലയില്‍ പ്രവേശനം അനുവദിക്കില്ല. വിനോദ സഞ്ചാരികളെയും വിലക്കും. മുന്നറിയിപ്പ് മറികടന്നു പെരിയാറില്‍ മീന്‍ പിടിക്കാന്‍ സാധ്യതയുള്ളവരെ കരുതല്‍ തടങ്കലില്‍ വയ്ക്കുമെന്നും ജില്ല കലക്റ്റര്‍ അറിയിച്ചു. വെള്ളം കയറുന്ന മേഖലകളില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികളും ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. 

ഇടുക്കി ഡാം തുറന്നാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ച് പഞ്ചായത്തുകളിലായി നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ജനപ്രതിനിധികള്‍ക്കൊപ്പം പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ ഈ വീടുകളിലെത്തി നോട്ടീസ് നല്‍കി. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യം കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നീ ക്രമത്തിലായിരിക്കും ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റുക. മുന്നോരുക്കങ്ങള്‍ കാര്യക്ഷമമാണെന്നും ഡാം തുറന്നാലും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com