മണ്‍സൂണ്‍ ശക്തമായി ; അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തി പ്രാപിച്ചു. ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മണ്‍സൂണ്‍ ശക്തമായി ; അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റന്നാള്‍ വരെ ശക്തമായ മഴ തുടരും. സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തി പ്രാപിച്ചു. ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ ശക്തിയില്‍ വരെ കാറ്റു വീശിയേക്കും. മൂന്ന് അടി ഉയരത്തില്‍ വരെ തിരമാല ഉയരുമെന്നും മുന്നറിയിപ്പ് നല്‍കി. അതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

കനത്ത മഴയില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപക നാശമുണ്ടായിട്ടുണ്ട്. നിരവധി മേഖലകളില്‍ മരം കടപുഴകി വീണ് റോഡ് ഗതാഗതവും സ്തംഭിച്ചു. കൊല്ലത്ത് തീരദേശത്ത് കടലാക്രമണം രൂക്ഷമായി. തീരദേശ റോഡുകൾ മിക്കതും തകര്‍ന്ന നിലയിലാണ്. 

തിരുവനന്തപുരത്ത് കനത്ത മഴയില്‍ നെയ്യാര്‍ ഡാം നിറഞ്ഞുകവിഞ്ഞു. ഇതിനെ തുടര്‍ന്ന് ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് അടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് പേപ്പാറ, അരുവിക്കര ഡാമുകളുടെയും പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമിന്റെയും ഷട്ടറുകള്‍ തുറന്നു. ആനത്തോട് ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ വ്യാപക നാശമാണ് വിതച്ചത്. ജില്ലയിലെ കിഴക്കന്‍ മേഖലകളായ കള്ളിക്കാട്, കുറ്റിച്ചല്‍, അമ്പൂരി, വെള്ളറട, തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. ഗതാഗതവും താറുമാറായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com