'മാതൃഭൂമിയെക്കാള്‍ ദയനീയ അവസ്ഥയുണ്ടാകും,പുസ്തകങ്ങള്‍ കത്തിക്കും': മീശ പ്രസിദ്ധീകരിക്കുന്ന ഡിസി ബുക്‌സിന് ഹിന്ദുത്വവാദികളുടെ ഭീഷണി

എസ് ഹരീഷിന്റെ 'മീശ' നോവല്‍ പുസ്തമായി പ്രസിദ്ധീകരിക്കുന്ന ഡിസി ബുക്‌സിന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണമഴിച്ചുവിട്ട് ഹിന്ദുത്വവാദികള്‍
'മാതൃഭൂമിയെക്കാള്‍ ദയനീയ അവസ്ഥയുണ്ടാകും,പുസ്തകങ്ങള്‍ കത്തിക്കും': മീശ പ്രസിദ്ധീകരിക്കുന്ന ഡിസി ബുക്‌സിന് ഹിന്ദുത്വവാദികളുടെ ഭീഷണി


കൊച്ചി: ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പ് പിന്‍വലിച്ച എസ് ഹരീഷിന്റെ 'മീശ' നോവല്‍ പുസ്തമായി പ്രസിദ്ധീകരിക്കുന്ന ഡിസി ബുക്‌സിന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണമഴിച്ചുവിട്ട് ഹിന്ദുത്വവാദികള്‍. ഡിസി ബുക്‌സ് പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും മാതൃഭൂമിക്ക് സംഭവിച്ചതിനെക്കാളും വലുത് സംഭവിക്കുമെന്നും ഒക്കെയാണ് ഭീഷണികള്‍. 

ഷെല്‍ഫിലുള്ള ഡിസി ബുക്‌സിന്റെ പുസ്തകങ്ങള്‍ കത്തിച്ചു കളയുമെന്നും ചിലര്‍ പറയുന്നു.പര്‍ദ്ദയും ലജ്ജയും പ്രസിദ്ധീകരിക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോയെന്നും ഒരുകൂട്ടം ചോദിക്കുന്നു. 

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവലിലെ ഒരധ്യായത്തില്‍ ഹിന്ദുസ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികള്‍ എസ് ഹരീഷിനെതിരെ രംഗത്തെത്തിയത്. ഹരീഷിനും കുടുംബത്തിനുംം നേരെ വ്യാപക വധഭീഷണികള്‍ ഇവര്‍ നടത്തിയിരുന്നുയ ഭീഷണികള്‍ക്ക് പിന്നാലെ ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു. 

മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസി ബുക്‌സ് നോവല്‍ പ്രസിദ്ധീകരിക്കുന്ന വിവരം അറിയിച്ചത്. 

എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെഡിസി ബുക്ക്‌സ് പ്രസ്താവനയില്‍ പറഞ്ഞു.  

നാളെയാണ് പുസ്തകം വിപണിയിലിറങ്ങുക. പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദാണ് പുസ്തകത്തിന്റെ കവര്‍ തയ്യാറാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com