ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന പ്രചാരണം പ്രതിരോധിച്ചില്ല;  നേതൃത്വത്തിനെതിരെ എണ്ണിപ്പറഞ്ഞ് ഡി വിജയകുമാര്‍

താനൊരു ആര്‍എസ്എസ്  പ്രവര്‍ത്തകാനാണെന്ന സിപിഎമ്മിന്റെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല- മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ തിരിച്ചറിയാന്‍ നേതൃത്വത്തിന് കഴിയാതെ പോയി 
ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന പ്രചാരണം പ്രതിരോധിച്ചില്ല;  നേതൃത്വത്തിനെതിരെ എണ്ണിപ്പറഞ്ഞ് ഡി വിജയകുമാര്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. താനൊരു ആര്‍എസ്എസ്  പ്രവര്‍ത്തകാനാണെന്ന സിപിഎമ്മിന്റെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. വിഎസ് അച്യതാനന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ആവര്‍ത്തിച്ചിട്ടും നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നെന്നും വിജയകുമാര്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിലെ അടിയൊഴുക്കകള്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വൈകീട്ട് തിരിച്ചറിഞ്ഞെങ്കിലും നേതൃത്വം മനസിലാക്കിയോ എന്നറിയില്ല. അടിയൊഴുക്കുകള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നും വിജയകുമാര്‍ പറഞ്ഞു. തോല്‍വിയെക്കുറിച്ച് കെ.പി.സി.സി അന്വേഷണം നടത്തണം. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളിലുണ്ടായ ചോര്‍ച്ചയാണ് പരാജയകാരണം. വോട്ടുചോര്‍ച്ചയെക്കുറിച്ച് മനസിലാക്കാന്‍ കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ഡി.വിജയകുമാര്‍ പറഞ്ഞു. 

പരമ്പരാഗതമായി കിട്ടിയിരുന്ന ക്രിസ്ത്യന്‍ വോട്ടുകളും ഹൈന്ദവ വോട്ടുകളും മുന്നണിയുടെ കൈയില്‍ ഭദ്രമാണെന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. പക്ഷേ തിരിച്ചടി നേരിട്ടുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി തുറന്ന് സമ്മതിക്കുന്നു.വോട്ട് ചോര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തണം. ഇരുപത്തിയഞ്ച് വര്‍ഷം കോണ്‍ഗ്രസിന്റെ കൈയിലിരുന്ന മണ്ഡലം നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കണം.സി.പി.എമ്മും മന്ത്രിമാരും നടത്തിയ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളും, അനര്‍ഹമായ വാഗ്ദാനങ്ങളും വോട്ടര്‍മാരെ സ്വാധീനിച്ചതായും വിജയകുമാര്‍ പറഞ്ഞു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com