'ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് മുസ്ലിം എം പി യും നാമാവശേഷമാവും'

യു ഡി എഫില്‍ മുസ് ലിം ലീഗുള്ളത് കൊണ്ട് തങ്ങള്‍ക്ക് മുസ്ലിംകള്‍ക്ക് പ്രത്യേകം പ്രാതിനിധ്യം വകവെച്ച് നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഉള്ളിലിരിപ്പ്
'ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് മുസ്ലിം എം പി യും നാമാവശേഷമാവും'

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതോടെ കോട്ടയം, വയനാട് മണ്ഡലങ്ങള്‍ കോണ്‍ഗ്രസും മാണിയും വെച്ചുമാറുന്നതോടെ കേരളത്തില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് മുസ്ലിം എം പി യും നാമാവശേഷമാവുമെന്ന് സമസ്ത നേതാവ് സത്താര്‍ പാന്തലൂര്‍. കോണ്‍ഗ്രസ് ഇന്ന് വരെ മുസ് ലിംകളില്‍ നിന്ന് ആരെയെങ്കിലും രാജ്യസഭയിലേക്കയച്ചിട്ടുണ്ടോ.മുസ് ലിംകള്‍ കൂടി വോട്ട് ചെയ്തിട്ടല്ലേ പലയിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫില്‍ മുസ് ലിം ലീഗുള്ളത് കൊണ്ട് തങ്ങള്‍ക്ക് മുസ് ലിംകള്‍ക്ക് പ്രത്യേകം പ്രാതിനിധ്യം വകവെച്ച് നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഉള്ളിലിരിപ്പ്. എന്നാല്‍ അഞ്ചാം മന്ത്രി വിവാദം ഉള്‍പ്പടെ അവര്‍ തന്നെ ഉണ്ടാക്കിയതും നാം കണ്ടതാണ്. കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്കുകളില്‍ ഒന്നായ മുസ് ലിം സമുദായത്തെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം. രാജ്യത്തെ സവിശേഷ സാഹചര്യം അതാവശ്യപ്പെടുന്നു എന്ന് കൂടി തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും സത്താര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു 

കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സി.പി.എമ്മിന് രണ്ടും കോണ്‍ഗ്രസിന് ഒന്നും സീറ്റ് ലഭിക്കും. ഇതിനിടയിലാണ് കെ.എം.മാണി യു ഡി എഫിലേക്ക് തിരിച്ച് വരുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരില്‍ പരസ്യ പ്രചാരണത്തിനിറങ്ങിയത്. അതോടൊപ്പം ആസൂത്രിതമായി ഒരു പത്രവാര്‍ത്തയും പുറത്ത് വന്നു. കോട്ടയം, വയനാട് ലോക്‌സഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസും മാണിയും വെച്ച് മാറുന്നുവെന്ന്. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് മുസ് ലിം എം പി യും നാമാവശേഷമാവും.


കോണ്‍ഗ്രസ് ഇന്ന് വരെ മുസ് ലിംകളില്‍ നിന്ന് ആരെയെങ്കിലും രാജ്യസഭയിലേക്കയച്ചിട്ടുണ്ടോ ? മുസ് ലിംകള്‍ക്കെന്താ ഇത് പുളിക്കുമോ ?
മുസ് ലിംകള്‍ കൂടി വോട്ട് ചെയ്തിട്ടല്ലേ പലയിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നത് ? മലബാറില്‍ മുസ് ലിംകളില്‍ നിന്ന് അവര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിച്ച നേതാവാണങ്കിലോ താനൊരു മുസ് ലിം വിരുദ്ധനാണെന്ന് തെളിയിക്കാനാണ് മത്സരിച്ചത്. അതിന്റെ പ്രതികാരം സ്വന്തം തട്ടകത്തില്‍ തന്നെ സമുദായം കൊടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സലാം പറഞ്ഞാല്‍ കഴുകിക്കളയാന്‍ മാത്രമല്ല ആ പാപക്കറയെന്ന് അനന്തരാവകാശികളും ഓര്‍ക്കുന്നത് നന്നായിരിക്കും. ഇത്തരക്കാരെയല്ല വീണ്ടും എഴുന്നള്ളിക്കേണ്ടത് എന്ന് കൂടി ചേര്‍ത്ത് പറയുന്നു. 


യു ഡി എഫില്‍ മുസ് ലിം ലീഗുള്ളത് കൊണ്ട് തങ്ങള്‍ക്ക് മുസ് ലിംകള്‍ക്ക് പ്രത്യേകം പ്രാതിനിധ്യം വകവെച്ച് നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഉള്ളിലിരിപ്പ്. എന്നാല്‍ അഞ്ചാം മന്ത്രി വിവാദം ഉള്‍പ്പടെ അവര്‍ തന്നെ ഉണ്ടാക്കിയതും നാം കണ്ടതാണ്. കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്കുകളില്‍ ഒന്നായ മുസ് ലിം സമുദായത്തെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം. രാജ്യത്തെ സവിശേഷ സാഹചര്യം അതാവശ്യപ്പെടുന്നു എന്ന് കൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. 


മുസ് ലിം സമുദായത്തിന്റെ കാര്യത്തില്‍ സി പി എമ്മും ചില സൂത്ര വിദ്യകളാണ് പ്രയോഗിക്കാറുള്ളത്. തങ്ങള്‍ മത സാമുദായിക ശക്തികളുടെ മുമ്പില്‍ ഓച്ചാനിച്ചു നില്‍ക്കില്ലെന്ന് വീമ്പു പറയുമ്പോഴും ഇവരില്ലെങ്കില്‍ കാര്യം നടക്കില്ലെന്ന് പ്രവര്‍ത്തിയില്‍ തെളിയിക്കാറുണ്ട്. മുസ് ലിംകളേയും കൃസ്ത്യാനികളേയും ഹിന്ദു സമൂഹത്തിലെ ജാതികളേയും ഉപജാതികളേയുമെല്ലാം വേര്‍തിരിച്ച് മുഖ്യമന്ത്രി തന്നെ കണ്ടുകൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും ശാക്തീകരിക്കാനുമൊക്കെ ശ്രമിക്കുന്നുവെന്ന് പറയുമ്പോഴും മുസ് ലിംകളെ ഇവര്‍ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്ന രീതി എങ്ങനെയാണ് ? അവിടെയും കോണ്‍ഗ്രസിനെ പോലെ മതം വലിച്ചെറിഞ്ഞവരെയോ സമുദായ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നവരേയോ മാത്രമല്ലേ പരിഗണിച്ചിട്ടുള്ളത് ? കെ.ടി ജലീല്‍ ,പി.ടി.എ റഹീം , കാരാട്ട് റസാഖ്, വി.അബ്ദുറഹിമാന്‍ തുടങ്ങിയവരെ ഉപയോഗിച്ചത് ന്യൂനപക്ഷ ശാക്തീകരണത്തിനോ അവരെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനോ ? പാര്‍ട്ടി നിശ്ചയിച്ച പേഴ്‌സണല്‍ സ്റ്റാഫിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രിയെ തന്നാല്‍ സമുദായത്തിന് മന്ത്രിസഭാ പ്രാതിനിധ്യവുമായി ! 
വിവിധ സമ്മര്‍ദ്ദശക്തികള്‍ക്ക് നഗരങ്ങള്‍ക്ക് മധ്യേ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തും സ്ഥാപനങ്ങളും അധികാര കേന്ദ്രങ്ങളും നീട്ടിക്കൊടുക്കുമ്പോള്‍ ചില കമ്മിറ്റികളില്‍ അംഗത്വം നല്‍കി സുഖിപ്പിക്കാനുള്ള ഇരു മുന്നണികളുടേയും ഗെയിമുകള്‍ ഇനി മേലില്‍ വിജയിക്കില്ല. ഇതെല്ലാം വിലയിരുത്താനും ബൗദ്ധികമായി കൂടി ഇടപെടാന്‍ സമുദായത്തിന് കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം.


ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമുദായത്തിലെ തീവ്ര സ്വരക്കാര്‍ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിന് നടത്തുന്ന പ്രചാരണങ്ങള്‍ ഒരു നന്മയും നല്‍കില്ലെന്ന് മാത്രമല്ല; ചെറിയ തോതിലെങ്കിലും അരാഷ്ട്രീയ വാദവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കപ്പെടും. ഇത്തരക്കാരുടെ എടുത്തു ചാട്ടങ്ങള്‍ സംഘ് പരിവാര്‍ രാഷ്ട്രീയത്തിന് അവസരങ്ങള്‍ തരപ്പെടുത്തുന്നതുമാണ്. ഇതെല്ലാം തിരിച്ചറിയുന്നവരാണ് മുസ് ലിം സമുദായമെന്ന് ബന്ധപ്പെട്ടവര്‍ ഉള്‍ക്കൊള്ളുന്നത് അവര്‍ക്കു കൂടി നല്ലതാണ്. 
ഫെയ്‌സ് ബുക്കില്‍ നിന്നും കിട്ടിയ പേരറിയാത്ത ഒരു സുഹൃത്തിന്റെ കവിത കൊണ്ട് ഈ കുറിപ്പ് തത്കാലം നിര്‍ത്തുന്നു.

കണ്ടതൊക്കെയും വെറും മായക്കാഴ്ചകള്‍ .
വസന്തമായി വന്നത് 
വെറും കടലാസു പൂവുകള്‍ 
നിറഞ്ഞു നിന്ന വര്‍ണങ്ങളും . 
പൂവുകളും നിനച്ചിരിക്കാതെ പെയ്ത മഴയില്‍ കുതിര്‍ന്നലിഞ്ഞു പോയി . 
ഇരുട്ടിന്റെ ഏതോ കോണിലിരുന്നു കണ്ടു കൂട്ടിയതൊക്കെയും 
പാഴ് സ്വപ്‌നങ്ങള്‍ മാത്രം .
ആത്മാവിനെ പൊള്ളിച്ച
വെറും സ്വപ്നങ്ങള്‍ .. 
ഉള്ളിന്റെ ഉള്ളില്‍
ആരോ മന്ത്രിക്കുന്നു 
സമയമായിരിക്കുന്നു .
തിരിച്ചറിവിന്റെ പാതയില്‍
പാദമൂന്നുവാന്‍ .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com