കോട്ടയം എസ്പി രഹ്നയുടെ ഉറ്റബന്ധു; വെളിപ്പെടുത്തലുമായി അറസ്റ്റിലായ എഎസ്‌ഐ 

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീക്ക് നീനുവിന്റെ അമ്മയുടെ ബന്ധുവാണെന്ന് കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ബിജു
കോട്ടയം എസ്പി രഹ്നയുടെ ഉറ്റബന്ധു; വെളിപ്പെടുത്തലുമായി അറസ്റ്റിലായ എഎസ്‌ഐ 

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീക്ക് നീനുവിന്റെ അമ്മയുടെ ബന്ധുവാണെന്ന് കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ബിജു.ഏറ്റുമാനൂര്‍ കോടതിയിലാണ് എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.  കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം മുഖ്യമന്ത്രിയെ എസ്പി തെറ്റിദ്ധരിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

അക്രമിസംഘത്തെ സഹായിച്ചെന്ന് കണ്ടതിനെ തുടര്‍ന്നാണ് എഎസ്‌ഐ ബിജുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പട്രോളിങിനിടെ അക്രമി സംഘത്തെ പിടികൂടിയിരുന്നെങ്കിലും കൈക്കൂലി വാങ്ങി ഇവരെ പോവാന്‍ അനുവദിക്കുകായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
  
കേസുമായി ബന്ധപ്പെട്ട് മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് എസ്പി മുഹമ്മദ് റഫീക്കിനെ ആദ്യദിവസം തന്നെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായി ഇന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഒളിവില്‍ കഴിയുന്ന നീനുവിന്റ അമ്മ രഹ്‌നയുടെ ബന്ധുവാണ് മുഹമ്മദ് റഫീക്ക് എന്ന വെളിപ്പെടുത്തലും ഉണ്ടായിരിക്കുന്നത്. 

പ്രണയവിവാഹത്തെത്തുടര്‍ന്ന് വധുവിന്റെ കുടുംബം കെവിനെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് മേയ് 27ന് രാവിലെ നീനു പൊലീസിന് പരാതി നല്‍കിയിരുന്നു. ഇത് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്നത്തെ കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖിനെ കോട്ടയം ടിബിയിലേക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു വിളിച്ചുവരുത്തി.ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്ന് എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

കെവിനെ കാണാതായ വാര്‍ത്ത കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അപ്പോള്‍ തന്നെ സംഭവത്തില്‍ ഇടപെട്ടിരുന്നുവെന്ന്് എസ്പിയുടെ വീഴ്ച പുറത്തുവന്നതിലുടെ വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ മുന്‍ കോട്ടയം എസ്പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com