തച്ചങ്കരി മാജിക്; കെഎസ്ആര്‍ടിസി കരകയറുന്നു; മെയ് മാസത്തില്‍ റെക്കോര്‍ഡ് വരുമാനം 

പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് നഷ്ടക്കണക്കില്‍ നിന്നും കെഎസ്ആര്‍ടിസി തിരിച്ചു കയറുന്നു.
തച്ചങ്കരി മാജിക്; കെഎസ്ആര്‍ടിസി കരകയറുന്നു; മെയ് മാസത്തില്‍ റെക്കോര്‍ഡ് വരുമാനം 

തിരുവനന്തപുരം: പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് നഷ്ടക്കണക്കില്‍ നിന്നും കെഎസ്ആര്‍ടിസി തിരിച്ചു കയറുന്നു. മെയില്‍ 207.35 കോടി രൂപയാണു കോര്‍പറേഷന്റെ വരുമാനം. 2017 മെയില്‍ 185.61 കോടി രൂപയായിരുന്നു. 2017 ഡിസംബറില്‍ 195.21 കോടിയും 2018 ജനുവരിയില്‍ 195.24 കോടിയും ആയിരുന്നു ഇതിനു മുന്‍പുള്ള കൂടിയ മാസവരുമാനം. ഈ മാസങ്ങളില്‍ ശബരിമല സ്‌പെഷല്‍ സര്‍വീസുകളും വരുമാന വര്‍ധനവിനു കാരണമായി.

എംഡിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം കെഎസ്ആര്‍ടിസിയെ ഊര്‍ജസ്വലമാക്കാന്‍ ടോമിന്‍ തച്ചങ്കരി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തുന്നുവെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയതും ഇന്‍സ്‌പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിച്ചു ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ചതും വരുമാന വര്‍ധനയ്ക്കു സഹായിച്ചു എന്നാണ്  കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.  അതേസമയം, ഇന്ധനവില വര്‍ധനയും വിദ്യാര്‍ഥികളുടെ സൗജന്യയാത്രയും കോര്‍പറേഷനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്ധനവില വര്‍ധിച്ചപ്പോള്‍ മാസം ഏതാണ്ട് ഏഴരക്കോടിയുടെ രൂപയുടെ അധിക ചെലവുണ്ടായി.

അവധി ദിവസങ്ങളില്‍ ബസുകള്‍ റദ്ദാക്കുന്നതിനു പകരം നോണ്‍  നോട്ടിഫൈഡ് റൂട്ടുകളിലടക്കം ഓടിച്ചു വരുമാനമുണ്ടാക്കാന്‍ കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നു. െ്രെഡവര്‍മാരും കണ്ടക്ടര്‍മാരും കുറവുള്ള ഡിപ്പോകളിലേക്കു വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ സ്ഥലം മാറ്റാന്‍ എംഡി ടോമിന്‍ ജെ.തച്ചങ്കരി നിര്‍ദേശം നല്‍കി. എല്ലാ ഡിപ്പോകളിലും എല്ലാ മാസവും യൂണിയന്‍ നേതാക്കള്‍ ചേരുന്ന അവലോകന യോഗം ഇനി വേണ്ടെന്ന് ഉത്തരവിറക്കി. ഇവര്‍ക്ക് ആ ദിവസം ശമ്പളം നല്‍കില്ല.

പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു സൗജന്യയാത്രയാണു കെഎസ്ആര്‍ടിസിയില്‍. വിദ്യാര്‍ഥികള്‍ സ്വകാര്യബസുകളെ കയ്യൊഴിഞ്ഞ് കെഎസ്ആര്‍ടിസിയെ കൂടുതല്‍ ആശ്രയിക്കുന്നതോടെ മറ്റു യാത്രക്കാരുടെ കുറവ് വരും. വിദ്യാര്‍ഥികള്‍ക്കു സൗജന്യയാത്ര നല്‍കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനു സര്‍ക്കാര്‍ ടിക്കറ്റിന് 12,000 രൂപ വര്‍ഷം സബ്‌സിഡി നല്‍കുന്നുണ്ടെന്നും കെഎസ്ആര്‍ടിസിക്കും അതുപോലെ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com