പതിനെട്ടുകാരനും പത്തൊന്‍പതുകാരിക്കും ഒന്നിച്ചു ജീവിക്കാന്‍ അനുമതി; സൂപ്പര്‍ രക്ഷിതാവ് ചമയാനില്ലെന്ന് ഹൈക്കോടതി

മൂഹത്തിലെ യാഥാസ്ഥികരായ ഒരു വിഭാഗത്തിനു യോജിക്കാനാവില്ല എന്നതുകൊണ്ട് പ്രായപൂര്‍ത്തിയായ ഒരാളുടെ ലിവ് ഇന്‍ ബന്ധത്തിനുള്ള അവകാശത്തെ കോടതിക്കു നിഷേധിക്കാനാവില്ല
പതിനെട്ടുകാരനും പത്തൊന്‍പതുകാരിക്കും ഒന്നിച്ചു ജീവിക്കാന്‍ അനുമതി; സൂപ്പര്‍ രക്ഷിതാവ് ചമയാനില്ലെന്ന് ഹൈക്കോടതി

കൊച്ചി: പതിനെട്ടുകാരനും പത്തൊന്‍പതുകാരിക്കും ഒരുമിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. 

പത്തൊന്‍പതു വയസുള്ള മകളെ പതിനെട്ടുകാരന്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച്, ആലപ്പുഴ സ്വദേശിയായ മുഹമ്മദ് റിയാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. മകളെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്നാണ് പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാമെന്നും കോടതിക്ക് ഇക്കാര്യത്തില്‍ സൂപ്പര്‍ രക്ഷിതാവ് ചമയാനാവില്ലെന്നും ജസ്റ്റിസുമാരായ വി ചിദംബരേഷും കെവി ജ്യോതീന്ദ്രനാഥും ചൂണ്ടിക്കാട്ടി. ലിവ് ഇന്‍ ബന്ധങ്ങള്‍ സമൂഹത്തില്‍ വ്യാപകമായി ഉണ്ടാവുന്നുണ്ട്. മുതിര്‍ന്ന ഒരാള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി വന്നതുകൊണ്ട് ഇത്തരം ബന്ധങ്ങളെ വേര്‍പിരിക്കാനാവില്ല. സമൂഹത്തിലെ യാഥാസ്ഥികരായ ഒരു വിഭാഗത്തിനു യോജിക്കാനാവില്ല എന്നതുകൊണ്ട് പ്രായപൂര്‍ത്തിയായ ഒരാളുടെ ലിവ് ഇന്‍ ബന്ധത്തിനുള്ള അവകാശത്തെ കോടതിക്കു നിഷേധിക്കാനാവില്ല. പെണ്‍കുട്ടിക്ക്  ആണ്‍കുട്ടിയോടൊപ്പം ജിവിക്കാനോ വിവാഹത്തിനുള്ള പ്രായമാവുമ്പോള്‍ വിവാഹം കഴിക്കാനോ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. 

വിവാഹ പ്രായമാവുമ്പോള്‍ പെണ്‍കുട്ടിയുടെ ഇച്ഛയ്ക്കനുസരിച്ച് വിവാഹം നടത്താമെന്ന് പിതാവ് കോടതിയില്‍ വാദിച്ചു. ലിവ് ഇന്‍ ബന്ധത്തിന് അനുവദിക്കാനാവില്ല. പെണ്‍കുട്ടിക്ക് 21 വയസായിട്ടില്ല, അതുകൊണ്ടുതന്നെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കുട്ടി ആയാണ് കണക്കാക്കേണ്ടതെന്നും പിതാവ് വാദിച്ചു.

എന്നാല്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തി ആയതാണന്നും ഇസ്ലാമിക നിയമ പ്രകാരം വിവാഹം കഴിക്കാമെന്നും കോടതി പറഞ്ഞു. ലിവ് ഇന്‍ ബന്ധം നിയമപരമായതിനാല്‍ അവര്‍ക്ക് അതിനും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com