ബിഡിജെഎസ് എതിരെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതിലും കഷ്ടമായേനെ സ്ഥിതി: തുറന്നടിച്ച് തുഷാര്‍ 

ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ബിഡിജെഎസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അവരുടെ കാര്യം ഇതിലും കഷ്ടമാകുമായിരുന്നെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി.
ബിഡിജെഎസ് എതിരെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതിലും കഷ്ടമായേനെ സ്ഥിതി: തുറന്നടിച്ച് തുഷാര്‍ 

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ബിഡിജെഎസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അവരുടെ കാര്യം ഇതിലും കഷ്ടമാകുമായിരുന്നെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ടുകള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് തുഷാര്‍ വെളളാപ്പളളിയുടെ പ്രതികരണം. 

പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന് മാത്രമാണ് ബിഡിജെഎസ് പറഞ്ഞത്. ആഹ്വാനമില്ലാതെയാണ് അണികള്‍ വോട്ടുചെയ്തത്. ദേശീയ നേതാക്കളെ ഉള്‍പ്പെടെ ഇറക്കി കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ ശക്തമായാണ് ബിജെപി പ്രവര്‍ത്തിച്ചത്. അതിന്റെ ഫലം കിട്ടാതെ പോയി. ബിഡിജെഎസിനെ അവഗണിച്ചതിലുളള വികാരം പ്രവര്‍ത്തകര്‍ വോട്ടില്‍ പ്രകടിപ്പിച്ചുകാണും. എന്‍ഡിഎ ദേശീയ സംസ്ഥാന നേതൃത്വത്തിനുളള മറുപടിയായി ഈ വികാരത്തെ കാണാമെന്നും തുഷാര്‍ തുറന്നടിച്ചു.

വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതില്‍ പ്രതിഷേധിച്ച് ഇടഞ്ഞുനിന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാതിരുന്നതും എസ്എന്‍ഡിപി യോഗത്തിന്റെ നിലപാടും ചെങ്ങന്നൂരില്‍ ബിജെപിക്ക് തിരിച്ചടിയായി. എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ യോഗം ചെങ്ങന്നൂരില്‍ രഹസ്യസര്‍ക്കുലര്‍ ഇറക്കിയിരുന്നു. യോഗത്തെ സ്‌നേഹിക്കുന്നവരെ യോഗം തിരിച്ചും സ്‌നേഹിക്കുമെന്ന യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനവും വിജയത്തിന്റെ ഗതി തിരിച്ചുവിട്ടു.

2016ല്‍ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും തമ്മിലുണ്ടായിരുന്ന വോട്ടുകളുടെ വ്യത്യാസം 10,198 ആയിരുന്നു. ബിഡിജെഎസിന്റെ കൂട്ടില്ലാതിരുന്ന ഇക്കുറി ഈ വ്യത്യാസം 32033 ആയി വര്‍ധിച്ചു.  2011 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബി രാധാകൃഷ്ണമേനോന് ലഭിച്ചത് 6062 വോട്ടുകളാണ്. ബിഡിജെഎസിന്റെ സഹകരണത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട 2016 ല്‍ ബിജെപിയുടെ വോട്ടുകളുടെ എണ്ണം 42682 ആയി വര്‍ധിച്ചു. ചെങ്ങന്നൂരില്‍ മാത്രമല്ല ഏഴ് നിയമസഭ മണ്ഡലങ്ങളിലും എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തി. നേമത്ത് ജയിക്കുകയും ചെയ്തു. സ്വപ്‌നതുല്യമായ ഈ നേട്ടത്തിന് മുഖ്യകാരണം ബിഡിജെഎസ് ആണെന്ന് ബിജെപി നേതാക്കള്‍ പോലും തുറന്നുസമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ചെങ്ങന്നൂരില്‍ ബിജെപിക്കേറ്റ തിരിച്ചടി വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തില്‍ ചര്‍ച്ചയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com