രജിസ്റ്റര്‍ വിവാഹത്തിന് ശേഷം പൊലീസില്‍ അഭയം തേടി വധുവരന്മാര്‍; ഏറ്റുമുട്ടി ബന്ധുക്കള്‍, മാരകായുധങ്ങള്‍ വീശി വരന്റെ സുഹൃത്തുക്കള്‍

രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയെത്തിയ വധുവിന്റെയും വരന്റെയും മുന്നില്‍ ബന്ധുക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
രജിസ്റ്റര്‍ വിവാഹത്തിന് ശേഷം പൊലീസില്‍ അഭയം തേടി വധുവരന്മാര്‍; ഏറ്റുമുട്ടി ബന്ധുക്കള്‍, മാരകായുധങ്ങള്‍ വീശി വരന്റെ സുഹൃത്തുക്കള്‍

തിരുവനന്തപുരം:കോട്ടയത്ത് ഭുരഭിമാനക്കൊലയുടെ ഞെട്ടല്‍ മാറും മുമ്പ് സംസ്ഥാനത്ത് വീണ്ടും സമാനമായ സംഭവം. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയെത്തിയ വധുവിന്റെയും വരന്റെയും മുന്നില്‍ ബന്ധുക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സ്റ്റേഷന്‍ പരിസരത്ത് വാളുകള്‍ അടക്കം മാരകായുധങ്ങള്‍ വീശി വരന്റെ സുഹൃത്തുക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസിന്റെ ഇടപെടലില്‍ സംഘര്‍ഷം ഒഴിവായി. മൂന്നുപേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം വൈകീട്ടാണ് ഒറ്റശേഖരമംഗലം സ്വദേശിയായ യുവാവും മലയിന്‍കീഴ് നിവാസിയായ പെണ്‍കുട്ടിയും മലയിന്‍കീഴ് സ്റ്റേഷനില്‍ വന്നത്. വീട്ടുകാരെ ഭയന്നാണ് സംരക്ഷണം ആവശ്യപ്പെട്ടത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. വധുവിനെ അപേക്ഷിച്ച് സമ്പത്തും വിദ്യാഭ്യാസവും വരന് ഇല്ലാത്തതാണത്രെ പ്രശ്‌നത്തിന് വഴിവച്ചത്. ഇതേതുടര്‍ന്നായിരുന്നു രജിസ്റ്റര്‍ വിവാഹം.

വിവരമറിഞ്ഞ് വൈകാതെ ഇരുവരുടെയും വീട്ടുകാരും സ്റ്റേഷനില്‍ എത്തി. എസ്‌ഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സമവായചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സ്റ്റേഷന് പുറത്ത് ബന്ധുക്കളില്‍ ചിലര്‍ ഏറ്റുമുട്ടിയത്. പൊലീസ് ഇടപെട്ട് ശാന്തമാക്കി. 

നിയമപ്രകാരം വിവാഹം കഴിഞ്ഞതിനാല്‍ പെണ്‍കുട്ടിയെ വരനോടൊപ്പം വിടാന്‍ പൊലീസ് തീരുമാനിച്ചു. ഇരുവരും വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ബന്ധുക്കള്‍ തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായത്. ഇതിനിടെ ബൈക്കിലെത്തിയ വരന്റെ മൂന്ന് സുഹൃത്തുക്കള്‍ വാള്‍ അടക്കമുളള മാരകായുധങ്ങള്‍ വീശി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു. ബഹളം കേട്ടെത്തിയ പൊലീസ് ഉടനെ മൂന്നുപേരെയും പിടികൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com