'ഫുട്‌ബോള്‍ കമ്പക്കാരേ, ഫ്‌ലക്‌സ് വച്ചാല്‍ ഞങ്ങളത് എടുത്തു മാറ്റും' 

നിരന്തരമായ അഭ്യര്‍ത്ഥനകള്‍ മാനിക്കാതെ ആരെങ്കിലും ഫ്‌ലക്‌സുകള്‍ വെച്ചാല്‍ തീര്‍ച്ചയായും അത് എടുത്തുമാറ്റുമെന്നും അറിയിച്ചിട്ടുണ്ട്.
'ഫുട്‌ബോള്‍ കമ്പക്കാരേ, ഫ്‌ലക്‌സ് വച്ചാല്‍ ഞങ്ങളത് എടുത്തു മാറ്റും' 

ലോകകപ്പ് ഫുട്‌ബോള്‍ അടുത്തിരിക്കേ വഴിയരികില്‍ ഫ്‌ലക്‌സ് ബോര്‍ഡ് വെക്കുന്നതിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. ഫ്‌ലക്‌സ് ബോര്‍ഡിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പഞ്ചായത്ത് പ്രസിഡന്റ് ജയദേവന്‍ കിഴക്കേപ്പാട്ട് ആണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സാമാന്യം തെറ്റില്ലാത്ത ഒരു ഫുട്‌ബോള്‍ കമ്പക്കാരനാണ് ഞാന്‍. ഫുട്‌ബോള്‍ ചരിത്രത്തിലെ മഹത്തായ കളികളില്‍ പലതും കണ്ടിട്ടുമുണ്ട്.പെലെയും ജോര്‍ജ് ബെസ്റ്റും പുഷ്‌കാസും ഡിസ്റ്റിഫാനോയും തൊട്ട് ഇങ്ങേത്തലക്കലെ നെയ്മര്‍ വരെയുള്ളവരുടെ കളികള്‍ .. എന്നാല്‍ ഇപ്പോഴത്തെ ഫ്‌ലക്‌സ് കൊണ്ടുള്ള തെരുവ് യുദ്ധത്തില്‍ ആകെയില്ലാത്തത് ഫുട്‌ബോളാണ്. അതുകൊണ്ട് ഒഴിവാക്കുക തന്നെ വേണം അത്'- ജയദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കൂടാതെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ മാനിക്കാതെ ആരെങ്കിലും ഫ്‌ലക്‌സുകള്‍ വെച്ചാല്‍ തീര്‍ച്ചയായും അത് എടുത്തുമാറ്റുമെന്നും അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ നാം ഫ്ലക്സ് ബോഡുകളും പ്ലാസ്റ്റിക് തോരണങ്ങളും നിരോധിച്ചതാണ് എന്ന കാര്യം ഒരിയ്ക്കൽ കൂടി എല്ലാവരേയും ഓർമ്മിപ്പിക്കട്ടെ. ആ തീരുമാനം എടുത്തതിന് ശേഷം രണ്ട് പൂരക്കാലങ്ങളും പ്രധാനപ്പെട്ട രാഷ്ട്രീയപ്പാർട്ടികളുടെ വലിയ പല ക്യാമ്പയിനുകളും കഴിഞ്ഞു പോവുകയുണ്ടായി. അവരെല്ലാവരും നന്നായി സഹകരിച്ചത് കൊണ്ട് അപ്പോഴൊന്നും ഫ്ലക്സുകൾ വന്നില്ല. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വലിയ മാറ്റം പൂക്കോട്ടുകാവിൽ അതുണ്ടാക്കിയിട്ടുണ്ട്. എന്നാൽ അപൂർവ്വമായി പുറമേ നിന്നുള്ള ചില ബോഡുകൾ നാമറിയാതെ രാത്രി സമയത്ത് വെച്ച് പോകുന്നുണ്ട്. ചില കടകളുടെ ബോഡുകളും ഫ്ലക്സാണ്. അതെല്ലാം പടിപടിയായി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
അതിനിടെ വന്ന ലോകകപ്പ് ഫുട്ബോൾ കാര്യങ്ങളെ തകിടം മറിയ്ക്കാൻ അനുവദിക്കരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ബ്രസീലിന്റേയും അർജന്റീനയുടേയും മറ്റും കളി ആസ്വദിക്കാം. എന്നാൽ നമ്മുടെ തെരുവുകളിൽ അവരുടെ കൂറ്റൻ ഫ്ലക്സ് ബോഡുകൾ വേണ്ട. കളി കഴിഞ്ഞാൽ അവയെ എന്തുചെയ്യും? വെച്ചവർക്ക് അക്കാര്യത്തിൽ വല്ല ഉത്തരവാദിത്തവുമുണ്ടോ? നൂറായിരം പകർച്ചപ്പനികളും മണ്ണും വെള്ളവും മലിനമാകുന്നതും കേരളത്തിന്റെ ഭാവിയെത്തന്നെ ഒരു വിഷമവൃത്തത്തിലാക്കിയ ഇക്കാലത്ത് നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ കുറേക്കൂടി ഉയർന്ന ചുമതലാബോധം കാണിക്കണം.താരങ്ങളുടേയും ടീമുകളുടേയും ഫ്ലക്ലിന് അവർ നിർബന്ധം പിടിക്കരുത്. 
സാമാന്യം തെറ്റില്ലാത്ത ഒരു ഫുട്ബോൾ കമ്പക്കാരനാണ് ഞാൻ. ഫുട്ബോൾ ചരിത്രത്തിലെ മഹത്തായ കളികളിൽ പലതും കണ്ടിട്ടുമുണ്ട്.പെലെയും ജോർജ് ബെസ്റ്റും പുഷ്കാസും ഡിസ്റ്റിഫാനോയും തൊട്ട് ഇങ്ങേത്തലക്കലെ നെയ്മർ വരെയുള്ളവരുടെ കളികൾ .. എന്നാൽ ഇപ്പോഴത്തെ ഫ്ലക്സ് കൊണ്ടുള്ള തെരുവ് യുദ്ധത്തിൽ ആകെയില്ലാത്തത് ഫുട്ബോളാണ്. അതുകൊണ്ട് ഒഴിവാക്കുക തന്നെ വേണം അത്. നമ്മുടെ മുൻഗണനകൾ അതൊന്നുമാവരുത്. ആരെങ്കിലും എവിടെയെങ്കിലും ഫ്ലക്സ് വെച്ചിട്ടുണ്ടെങ്കിൽ, അത് ചൂണ്ടിക്കാട്ടി , 'എന്നാൽ ഇവിടെയുമാകാമല്ലോ' എന്ന മനോഭാവം തികച്ചും നല്ലതല്ല. വെച്ചത് കൂടി മാറ്റാൻ മുൻകൈയെടുക്കുകയാണ് വേണ്ടത്. കാരണം, ഞങ്ങൾ ഇക്കാര്യത്തിൽ നിർബന്ധം പിടിക്കുന്നത് വ്യക്തിപരമായ എന്തെങ്കിലും നേട്ടത്തിനല്ല. നാടിന്റെ പൊതുവായ നന്മക്കാണ്. അത് കൊണ്ട് ഫ്ലക്സ് നിരോധനം എന്ന തീരുമാനത്തെ സമ്പൂർണ്ണമാക്കാൻ എല്ലാവരുടേയും പിന്തുണ ഒരിക്കൽ കൂടി ഞാനഭ്യർത്ഥിക്കുന്നു.
NB :- നിരന്തരമായ അഭ്യർത്ഥനകൾ മാനിക്കാതെ ആരെങ്കിലും ഫ്ലക്സുകൾ വെച്ചാൽ തീർച്ചയായും ഞങ്ങളത് എടുത്തു മാറ്റും. അതിനായി പ്രത്യേക സേനയൊന്നും പഞ്ചായത്തിലില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും?വണ്ടി വിളിക്കണം. വാടക കൊടുക്കണം.കൂലി കൊടുക്കണം. ചെലവ് കൂടും. ആരുടെ പണം? ജനങ്ങളുടെ .ഫലത്തിൽ, ഫ്ലക്സ് വെക്കാനുള്ള പണവും നീക്കം ചെയ്യാനുള്ള പണവും ജനങ്ങളുടെ കയ്യിൽ നിന്ന് പോകും. അത് വേണോ? അത്രക്ക് സമ്പത്തുണ്ടോ ദരിദ്രരായ നമ്മുടെ കൈയ്യിൽ ..? എല്ലാവരുടേയും ശ്രദ്ധയിലേക്കാണ് ഞാനിത് പറയുന്നത്. എന്ത് കാര്യം ചെയ്യുമ്പോഴും കുറച്ച് യുക്തി നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com