തിയേറ്റര്‍ ഉടമയ്ക്ക് പിന്തുണയുമായി ഫിയോക്ക്; അടിയന്തര യോഗം ചൊവ്വാഴ്ച കൊച്ചിയില്‍ 

കേസ് എടുത്ത നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ചൂണ്ടിക്കാണിച്ച ഫിയോക്ക് മാതൃക കാണിച്ചവരെ കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുകയാണെന്നും ആരോപിച്ചു
തിയേറ്റര്‍ ഉടമയ്ക്ക് പിന്തുണയുമായി ഫിയോക്ക്; അടിയന്തര യോഗം ചൊവ്വാഴ്ച കൊച്ചിയില്‍ 

മലപ്പുറം: തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക് രംഗത്ത്. കേസ് എടുത്ത നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ചൂണ്ടിക്കാണിച്ച ഫിയോക്ക് മാതൃക കാണിച്ചവരെ കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുകയാണെന്നും ആരോപിച്ചു. 

സംസ്ഥാനത്തെ തിയേറ്ററുകളില്‍ ക്യാമറ വച്ചത് മോശം പ്രവണതകള്‍ തടയാനാണെന്നും ഫിയോക്ക് പ്രസ്താവനയില്‍ പറഞ്ഞു.വിഷയം ചര്‍ച്ച ചെയ്യാന്‍ സംഘടനയുടെ അടിയന്തര യോഗം ചൊവ്വാഴ്ച ചേരും. 

കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അതൃപ്തി അറിയിച്ചിരുന്നു. പൊലീസിന്റേത് പ്രതികാര നടപടിയാണ് എന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍അറസ്റ്റ് നിയമപരമാണോയെന്ന് അന്വേഷിക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ച പശ്ചാത്തലത്തില്‍ ഡിജിപി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി.

എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ അമ്മയുടെ സാന്നിധ്യത്തില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തീയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്. പൊലീസ് നടപടി പ്രാകൃതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് നടപടിയെന്നും ചെന്നിത്തല പറഞ്ഞു.

തിയേറ്റര്‍ ഉടമയെ വിമര്‍ശിച്ച് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. പൊലീസ് നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്ന് ജോസഫൈന്‍ പ്രതികരിച്ചു. പൊലീസ് ഉടമ ശരിയായാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസ് കള്ളക്കേസെടുത്തുവെന്നും അവര്‍ പറഞ്ഞു.

പൊലീസ് നടപടി തെറ്റെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ പ്രതികരിച്ചു. പൊലീസ് നടപടിയില്‍ ലജ്ജ തോന്നുന്നു. പ്രമാണിമാരുടെ തെറ്റുകള്‍ മൂടിവെയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്ന സന്ദേശമാണ് ഇത് നല്‍കിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.

പൊലീസ് നടപടിക്കെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമയ്ക്കു ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് തീയറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്.

പീഡന വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയതിന്റെ പേരിലാണ് സതീഷിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റവും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.

കേസിലെ മുഖ്യപ്രതികളായ മൊയ്തീന്‍ കുട്ടിക്കും കുട്ടിയുടെ മാതാവിനുമെതിരെ പോക്‌സോ ചുമത്തിയിരുന്നു. രണ്ടുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് തിയേറ്റര്‍ ഉടമ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കിയിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതിനെ തിയേറ്റര്‍ ഉടമയ്ക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com