പുതിയ കേസുകളില്ല, നിപ്പാ ഭീതി ഒഴിയുന്നു; 244 സാംപിളുകളില്‍ 226ഉം നെഗറ്റിവ്

ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ രണ്ടുപേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റിവ് ആക്കാനും കഴിഞ്ഞു. നിലവില്‍ നിപ്പാ സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ല
പുതിയ കേസുകളില്ല, നിപ്പാ ഭീതി ഒഴിയുന്നു; 244 സാംപിളുകളില്‍ 226ഉം നെഗറ്റിവ്

കോഴിക്കോട്: രണ്ടാഴ്ചയിലേറെ സംസ്ഥാനത്തെ ആശങ്കയിലാക്കിയ നിപ്പാ വൈറസ് ബാധയുടെ ഭീതി ഒഴിയുന്നു. നേരത്തെ സ്ഥിരീകരിച്ച പതിനെട്ടു പേര്‍ക്കൊഴികെ ആര്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. നിപ്പാ വൈറസ് പരിശോധനയ്ക്ക് ഇതുവരെ അയച്ച 244 സാംപിളുകളില്‍ 226ഉം നെഗറ്റിവ് ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പതിനെട്ടു പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ പതിനാറു പേര്‍ മരിച്ചു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ രണ്ടുപേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റിവ് ആക്കാനും കഴിഞ്ഞു. നിലവില്‍ നിപ്പാ സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ല.

നിപ്പാ സംശയിക്കുന്ന ഇരുപത്തിയാറു കേസുകളാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. കോഴിക്കോട് ഒഴികെ മറ്റു ജില്ലകളിലൊന്നും നിപ്പാ സംശയമുള്ള ആരെയും കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത പെരുമാറിയവരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇവരില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയാണ് സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ സംശയിക്കുന്നവരുടെ സ്രവമാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇതുവരെ പരിശോധിച്ച 224 പേരില്‍ 226 പേരുടെയും ഫലങ്ങള്‍ നെഗറ്റിവ് ആണെന്നത് നി്പ്പാ ഭീതി ഒഴിയുന്നതിന്റെ ലക്ഷണമാണെന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍ പറയുന്നു. അതേസമയം രോഗബാധ പൂര്‍ണമായി ഇല്ലാതായി എന്നുറപ്പാക്കുംവരെ ജാഗ്രത തുടരേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

നിപ്പായുടെ രണ്ടാം വേവ് പ്രത്യക്ഷമായതു മുതല്‍ ആശങ്കയിലായ കോഴിക്കോട് ജില്ല സാവധാനത്തില്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ജനങ്ങളുടെ ഭീതി കുറെയെങ്കിലും അകറ്റിയിട്ടുണ്ട്. 

നിപ്പാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകള്‍ തുറക്കുന്നത് 12 വരെ നീട്ടിവച്ചിട്ടുണ്ട്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും 12നേ സ്‌കൂളുകള്‍ തുറക്കൂ. വയനാട്ടിലും സ്‌കൂളുകള്‍ക്ക് അവധിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com