എടത്തല സ്റ്റേഷന്‍ ഉപരോധത്തിനിടെ വനിതാ പൊലീസിന് പരുക്ക്; നട്ടെല്ലിന് ക്ഷതമേറ്റെന്ന് പൊലീസ്

സിവില്‍ പൊലീസ് ഓഫീസര്‍ ജെസീന ഫ്രാന്‍സിസിനാണ് പരുക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എടത്തല സ്റ്റേഷന്‍ ഉപരോധത്തിനിടെ വനിതാ പൊലീസിന് പരുക്ക്; നട്ടെല്ലിന് ക്ഷതമേറ്റെന്ന് പൊലീസ്

കൊച്ചി: പൊലീസ് യുവാവിനെ അന്യായമായി മര്‍ദ്ദിച്ചതിനെതിരെ ആലുവ എടത്തലയില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിനിടെ വനിതാ പൊലീസിന് പരുക്കേറ്റു. സിവില്‍ പൊലീസ് ഓഫീസര്‍ ജെസീന ഫ്രാന്‍സിസിനാണ് പരുക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തില്‍ ഇവരുടെ നട്ടെല്ലിന് ക്ഷതമേറ്റതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. യുവാവിനെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എടത്തല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പുഷ്പരാജിനും മൂന്ന് സിപിഓമാര്‍ക്കുമെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മര്‍ദ്ദനം നടത്തിയ പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.
ആലുവ സ്വദേശി ഉസ്മാനാണ് പൊലീസിന്റെ കൂരമര്‍ദ്ദനമേറ്റത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ കവിളെല്ല് പൊട്ടിയിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ആലുവയില്‍ ഇന്നലെ വൈകുന്നേരമാണ് യുവാവിന് നേര്‍ക്ക് പൊലീസിന്റെ അതിക്രമമുണ്ടായത്.

പോക്‌സോ കേസിലെ പ്രതിയുമായി മഫ്തിയില്‍ പൊകുകയായിരുന്ന എടത്തല സ്‌റ്റേഷനിലെ പൊലീസാണ് ഉസ്മാനെ മര്‍ദ്ദിച്ചത്. സ്വകാര്യകാറിലായിരുന്നു പൊലീസുകാര്‍ പ്രതിയുമായി പോയത്. ഈ കാര്‍ ഉസ്മാന്റെ ബൈക്കില്‍ ഇടിച്ച സംഭവം ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. തന്റെ ബൈക്കില്‍ ഇടിച്ചകാറിലെ യാത്രക്കാരോട് ഉസ്മാന്‍ കയര്‍ത്തുസംസാരിച്ചതാണ് കാറില്‍ മഫ്തിയിലുണ്ടായിരുന്ന പൊലീസിനെ പ്രകോപിപ്പിച്ചത്. കാറിലുണ്ടായിരുന്ന പൊലീസുകാര്‍ ഉസ്മാനെ പൊതുനിരത്തില്‍ വച്ച് ആക്രമിക്കുകയും കസ്റ്റഡിയിലെടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. സ്‌റ്റേഷനില്‍ വച്ചും പൊലീസുകാര്‍ ഉസ്മാനെ മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് ഉസ്മാന്റെ ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്‌റ്റേഷനില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിവരമറിഞ്ഞ് ആലുവ ഡിവൈഎസ്പി പ്രഫുല്‍ചന്ദ്രന്‍ സ്‌റ്റേഷനിലെത്തുകയും ഉസ്മാനെ വിട്ടയക്കുകയുമായിരുന്നു.

എന്നാല്‍ മര്‍ദ്ദനമേറ്റ ഉസ്മാനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് പൊലീസ് ഉസ്മാനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മര്‍ദ്ദന വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ ആശുപത്രിയില്‍ തടിച്ചുകൂടിയതോടെ ആശുപത്രിയിലും സംഘര്‍ഷമുണ്ടായി. നാട്ടുകാരും പൊലീസുകാരും തമ്മില്‍ ആശുപത്രിയില്‍ വെച്ച് കൈയേറ്റവും നടന്നു.തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഉസ്മാന് മുഖത്തെ അസ്ഥിയില്‍ പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് നാലു പൊലീസുകാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com