എന്റെ ശരീരം തമ്പുരാന്റെ ചോറാണ്. തമ്പുരാന് എന്നെ തല്ലാനും കൊല്ലാനും അവകാശമുണ്ട്'; കമ്യൂണിസ്റ്റുകാര്‍ മാറ്റിയത് അങ്ങനെ വിശ്വസിച്ചവരെയെന്ന് വിഎസ്

എന്റെ ശരീരം തമ്പുരാന്റെ ചോറാണ്. തമ്പുരാന് എന്നെ തല്ലാനും കൊല്ലാനും അവകാശമുണ്ട്'; കമ്യൂണിസ്റ്റുകാര്‍ മാറ്റിയത് അങ്ങനെ വിശ്വസിച്ചവരെയെന്ന് വിഎസ്
എന്റെ ശരീരം തമ്പുരാന്റെ ചോറാണ്. തമ്പുരാന് എന്നെ തല്ലാനും കൊല്ലാനും അവകാശമുണ്ട്'; കമ്യൂണിസ്റ്റുകാര്‍ മാറ്റിയത് അങ്ങനെ വിശ്വസിച്ചവരെയെന്ന് വിഎസ്


പാലക്കാട്: 'എന്റെ ശരീരം തമ്പുരാന്റെ ചോറാണ്. തമ്പുരാന് എന്നെ തല്ലാനും കൊല്ലാനും അവകാശമുണ്ട്' എന്ന് വിശ്വസിച്ച പാവപ്പെട്ട മനുഷ്യരെ മാറ്റിയെടുക്കുക എന്നതായിരുന്നു കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തില്‍ ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ച താനടക്കമുള്ളവരുടെ മുന്നിലെ വെല്ലുവിളിയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. പാടവരമ്പുകളിലും കറ്റകള്‍ കൊയ്തുകൂട്ടുന്ന കളങ്ങളിലും തൊഴിലാളികളുടെ കൂരകളിലും യോഗങ്ങള്‍ സംഘടിപ്പിച്ചും, കായല്‍രാജാക്കന്മാരുടെയും ജന്മിമാരുടെയും നിര്‍ദ്ദയമായ ചൂഷണത്തിന്റെ കഥകള്‍ പറഞ്ഞും, സംഘടിച്ച് ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുമൊക്കെയായിരുന്നു കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ചതെന്ന് വിഎസ് അനുസ്മരിച്ചു. പാലക്കാട്ട് കര്‍ഷക തൊഴിലാളി യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വിഎസ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചത്. 

സ്വാതന്ത്ര്യവും വോട്ടവകാശം അടക്കമുള്ള മറ്റു ജനാധിപത്യ അവകാശങ്ങളും അന്യമായകാലമായിരുന്നു അതെന്ന് വിഎസ് പറഞ്ഞു. ജാതിയിലും സമ്പത്തിലും സാമൂഹ്യപദവിയിലും താഴെക്കിടയില്‍ കിടന്നിരുന്ന ജനവിഭാഗങ്ങള്‍ക്ക് സ്വന്തമായി കിടപ്പാടം പോലും ഉണ്ടായിരുന്നില്ല. വന്‍കിട ഭൂസ്വാമിമാരുടെയും കായല്‍രാജാക്കന്മാരുടെയും കീഴില്‍ കര്‍ഷകതൊഴിലാളികള്‍, പാട്ടക്കാര്‍, വാരക്കാര്‍, കുടിയാന്മാര്‍ എന്ന് തുടങ്ങിയ പേരുകളില്‍ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായിരുന്നു പാവപ്പെട്ട മനുഷ്യന്‍. കുട്ടനാട്ടിലും തിരുവിതാംകൂറിലുമൊക്കെ ജാതി അടിമത്തത്തിന് ഒപ്പം കൂലി അടിമത്തം അനുഭവിയ്‌ക്കേണ്ടി വന്നവരായിരുന്നു ഇവര്‍. സാധാരണ മനുഷ്യരെ പോലെ ജീവിക്കാന്‍ പോലും ഇവര്‍ക്ക് കഴിയുമായിരുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കുട്ടനാട് കേന്ദ്രീകരിച്ച് 1940കളുടെ തുടക്കത്തില്‍ തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന്‍ രൂപം കൊള്ളുന്നത്. പിന്നീട് അത് കേരളാ സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ എന്ന പേരില്‍ 1968ല്‍ സംസ്ഥാന വ്യാപകമായ സംഘടനയായി മാറുകയായിരുന്നു.

കുട്ടനാട്ടില്‍ കായല്‍ രാജാവായ മുരിക്കന്റെയും മങ്കൊമ്പില്‍ സ്വാമിയുടെയും പാട്ടത്തില്‍ കര്‍ത്താക്കന്മാരുടെയും ഒക്കെ പാടശേഖരങ്ങളില്‍ വെയിലും മഞ്ഞും മഴയും ഏറ്റ് പകലന്തിയോളം പാടുപെടുന്ന കര്‍ഷകതൊഴിലാളിക്ക് ജീവിതത്തിലൊന്നും ദുരിതങ്ങളും ദുരന്തങ്ങളും മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. പാവപ്പെട്ട കര്‍ഷകതൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാനാഭിമാനത്തോടെ ജീവിക്കാന്‍ പോലും കഴിയുമായിരുന്നില്ല. 'എന്റെ ശരീരം തമ്പുരാന്റെ ചോറാണ്. തമ്പുരാന് എന്നെ തല്ലാനും, കൊല്ലാനും അവകാശമുണ്ട്.' എന്ന് വിശ്വസിച്ചവരായിരുന്നു പാവപ്പെട്ട മനുഷ്യര്‍. ഈ വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നവരെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാല്‍പ്പതുകളുടെ തുടക്കത്തില്‍ ഞാനൊക്കെ കുട്ടനാട്ടില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. പാടവരമ്പുകളിലും കറ്റകള്‍ കൊയ്തുകൂട്ടുന്ന കളങ്ങളിലും തൊഴിലാളികളുടെ കൂരകളിലും യോഗങ്ങള്‍ സംഘടിപ്പിച്ചും കായല്‍രാജാക്കന്മാരുടെയും ജന്മിമാരുടെയും നിര്‍ദ്ദയമായ ചൂഷണത്തിന്റെ കഥകള്‍ പറഞ്ഞും സംഘടിച്ച് ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുമൊക്കെയായിരുന്നു കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ചത്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും സമാനമായ രൂപത്തിലുള്ള ചൂഷണങ്ങള്‍ അരങ്ങേറിയിരുന്നു. അതുകൊണ്ടുതന്നെ അവിടങ്ങളിലും ഈ രൂപത്തിലുള്ള സംഘടിതമുന്നേറ്റങ്ങളാണ് കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് ഊര്‍ജ്ജമായി മാറിയത്.

കര്‍ഷകതൊഴിലാളികള്‍ പതുക്കെപതുക്കെ അവകാശബോധമുള്ളവരായി മാറിത്തുടങ്ങിയതോടെ ജന്മിമാര്‍ അടിച്ചമര്‍ത്തലിന്റെയും ആക്രമണങ്ങളുടെയും പാതയിലേക്ക് കടന്നു. അധികാരി വര്‍ഗ്ഗത്തിന്റെ പൊലീസിനൊപ്പം ജന്മിഗുണ്ടകളും പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ ചോരയ്ക്കും പ്രാണനും വേണ്ടി പരക്കം പാഞ്ഞു. ഇതിന്റെ ഫലമായി കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ നിരവധി ഉശിരന്മാരായ സഖാക്കള്‍ക്ക് രക്തസാക്ഷികളാകേണ്ടി വന്നു. കുട്ടനാട്ടിലും, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമായി വെണ്മണി ചാത്തനും വീയപുരം ഗോപാലനും മേല്‍പ്പാടം കുട്ടിയമ്മയും കൈനകരി സഹദേവനും കള്ളിക്കാട് നീലകണ്ഠനും ഭാര്‍ഗ്ഗവിയും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര്‍ രക്തസാക്ഷികളായി.

കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന സമാനമായ പ്രക്ഷോഭങ്ങളുടെ കൂടി ഉല്‍പ്പന്നമായിരുന്നു 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണം. ഇത് ഉള്‍ക്കൊണ്ടുകൊണ്ടു തന്നെയാണ് അന്ന് അധികാരം ഏറ്റ ഇ എം എസ് സര്‍ക്കാര്‍, സത്യപ്രതിജ്ഞ ചെയ്തതിന്റെ ആറാം നാളില്‍, അതായത് 1957 ഏപ്രില്‍ 11ന് ചരിത്രപ്രസിദ്ധമായ കുടിയിറക്കല്‍ നിരോധന ഓര്‍ഡിനന്‍സ് ഇറക്കിയത്. പിന്നീട് അത് കാര്‍ഷിക ഭൂപരിഷ്‌കരണ നിയമമായി ആ സര്‍ക്കാര്‍ പാസ്സാക്കുകയും ചെയ്തു. അങ്ങനെ ദരിദ്രകര്‍ഷകരും കര്‍ഷകതൊഴിലാളികളും പാട്ടക്കാരും വാരക്കാരും കുടിയാന്മാരും ഒക്കെ ഭൂമിയുടെ അവകാശികളായി മാറി. ഇതാണ് പില്‍ക്കാലത്ത് കേരളാ മോഡല്‍ വികസനത്തിന് വഴിയൊരുക്കിയത് എന്നതും ചരിത്രമാണ്.

57ലെ ഇഎംഎസ് സര്‍ക്കാര്‍ ഈ നിയമം പാസ്സാക്കിയെങ്കിലും, ഇത് അനുസരിച്ചുള്ള ഭൂമി വിതരണം പിന്നെയും നീണ്ടു പോയി. പിന്നീട് മിച്ചഭൂമി ചൂണ്ടിക്കാണിക്കുകയും അത് പിടിച്ചെടുക്കുകയും ചെയ്യുന്ന സമരവും 1970ജനുവരി 1 മുതല്‍ ആരംഭിക്കേണ്ടി വന്നു. ഇതിനു മുന്നോടിയായി കേരളത്തിന്റെ തെക്കും വടക്കും നിന്ന് രണ്ടു ജാഥകള്‍ ആരംഭിച്ച്, അവ ആലപ്പുഴ ജില്ലയിലെ അറവുകാട് മൈതാനിയില്‍ സമാപിച്ച്, അവിടെ 1969 ഡിസംബര്‍ 14 ന് നടത്തിയ ഐതിഹാസികമായ സമ്മേളനവും കേരളത്തിലെ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രമുന്നേറ്റത്തിലെ നാഴികക്കല്ലാണ്. ഇഎംഎസും, എകെജിയും, ഹരേകൃഷ്ണ കോനാറും, ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും, വിഎസ് അച്യുതാനന്ദനായ ഈ ഞാനും ഒക്കെ അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്തതാണ്. ഈ സമ്മേളനത്തിന്റെ ആഹ്വാനപ്രകാരമാണ് 1970 ജനുവരി ഒന്ന് മുതല്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരം ആരംഭിച്ചത്.

ഇതിനിടയില്‍ 1968 ല്‍ ആലപ്പുഴ നഗരത്തിലെ പഴയ രാധ ടാക്കീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനാണ് കെ എസ് കെ റ്റി യു വിന് രൂപം കൊടുത്തത്. മഹത്തായ ഈ സംഘടനയുടെ ആദ്യ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ഉണ്ടായി. അതിന്റെ പ്രഥമ സമ്മേളനം ചേര്‍ന്ന പാലക്കാട് തന്നെ സുവര്‍ണ്ണ ജൂബിലി സമ്മേളനം നടക്കുന്നു എന്ന ചരിത്രപരമായ സവിശേഷതയും ഉണ്ട്. സംഘടനയുടെ സുവര്‍ണ്ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാനും, എനിക്ക് അവസരം ലഭിച്ചത് ഏറെ സന്തോഷകരമാണ്. അങ്ങനെ കര്‍ഷകതൊഴിലാളി യൂണിയന്റെ പ്രവര്‍ത്തനം സജീവമായതോടെ, കര്‍ഷകതൊഴിലാളികളുടെ അടിമസമാനമായ ജീവിതം കടങ്കഥയായി മാറുകയായിരുന്നു. 'മറ്റുള്ളോര്‍ക്കായി ഉഴാനും, നടുവാനും, കറ്റകൊയ്യാനും, മെതിക്കുവാനും, മറ്റു കൃഷിപ്പണി ചെയ്യുവാനും പറ്റുന്ന ഇരുകാലിമാടുകള്‍' എന്ന കര്‍ഷകതൊഴിലാളി കളുടെ അവസ്ഥയും അടഞ്ഞ അധ്യായമായി.

ജന്മിത്വത്തിനെതിരായ സമരപോരാട്ടങ്ങളിലൂടെ ഭൂപരിഷ്‌കരണത്തിലേക്ക് എത്തിച്ചേര്‍ന്നതിനു ശേഷവും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സാംഗത്യവും പ്രസക്തിയും വളരുകയും തുടരുകയുമാണ് ഉണ്ടായത്. കൂലിയും സേവനവ്യവസ്ഥകളും, ജീവിതാവസ്ഥയും മെച്ചപ്പെട്ടാല്‍ മാത്രം പോരാ. സാമൂഹ്യ അധ്വാനം പ്രയോഗിക്കുന്നതിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗം വികസിച്ചേ തീരൂ. അതിന് തൊഴിലാളിവര്‍ഗ വീക്ഷണത്തെ കാര്‍ഷികമേഖലയിലെ ആധുനിക ഉല്‍പ്പാദനക്രമത്തില്‍ പ്രയോഗിക്കണം. ഈ ലക്ഷ്യത്തോടെ, കാര്‍ഷികമേഖലയെ പുന:സംഘടിപ്പിക്കാന്‍ നമുക്ക് കഴിയണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ക്ഷാമവും, ദുരിതവും വരുമ്പോള്‍ താങ്ങാനുള്ള സമ്പ്രദായമായി ചുരുങ്ങിക്കൂടാ. സഹകരണ സംഘങ്ങള്‍ കര്‍ഷകര്‍ത്തൊഴിലാളിക്ക് ഉദാരമായി വായ്പ കൊടുക്കാനുള്ള സ്ഥാപനങ്ങള്‍ മാത്രമായി ചുരുങ്ങിക്കൂടാ. മറിച്ച്, ആധുനികസങ്കേതങ്ങള്‍ ഉപയോഗിച്ച് പണിയെടുക്കാനുള്ള ശാസ്ത്രീയമായ പരിശീലനവും, അതിനുതക്ക വിദ്യാഭ്യാസവും നല്‍കിക്കൊണ്ട് കര്‍ഷകത്തൊഴിലാളിവര്‍ഗ്ഗത്തെ പുന:സംഘടിപ്പിക്കാന്‍ ഈ സ്ഥാപനങ്ങളെല്ലാം ഉപകരണങ്ങളാവണം. സംസ്ഥാന ഫാമുകളിലും, കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലും മാത്രമാണ്, ഇത്തരത്തില്‍ കാര്‍ഷികത്തൊഴില്‍ പുന:സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇത് കാര്‍ഷിക ഉല്‍പ്പാദന മേഖലയിലാകെ ശാസ്ത്രീയമായി വികസിപ്പിച്ചു നടപ്പാക്കണം. കര്‍ഷകത്തൊഴിലാളിവര്‍ഗത്തെ, മൊത്ത തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാഗമായി വളര്‍ത്തി ഉയര്‍ത്തുന്നതിന് ഇത് അനിവാര്യമാണെന്ന് വിഎസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com