'ഞാന്‍ മരിക്കാന്‍ പോകുന്നു'; പൊലീസിനെ കുഴക്കി ജെസ്‌നയുടെ അവസാന സന്ദേശം; ഫലംകാണാതെ കാട്ടിലെ തിരച്ചില്‍

ജെസ്‌നയ്ക്കായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കാടുകളില്‍ തിരച്ചില്‍ നടക്കുന്നുണ്ടെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല.
'ഞാന്‍ മരിക്കാന്‍ പോകുന്നു'; പൊലീസിനെ കുഴക്കി ജെസ്‌നയുടെ അവസാന സന്ദേശം; ഫലംകാണാതെ കാട്ടിലെ തിരച്ചില്‍

കോട്ടയം; കൊണാതായ ജെസ്‌ന മരിയക്കായി തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കുഴക്കി ജസ്‌ന അവസാനം അയച്ച സന്ദേശം. ഐ ആം ഗോയിങ് ടു ഡൈ (ഞാന്‍ മരിക്കാന്‍ പോകുന്നു) എന്നാണ് കാണാതാകുന്നതിന് തൊട്ടുമുന്‍പ് ജെസ്‌ന തന്റെ സുഹൃത്തിന് അയച്ചത്. കൂടുതല്‍ അന്വേഷണത്തിനായി ഇത് സൈബര്‍ പൊലീസിന് കൈമാറി. ജെസ്‌നയ്ക്കായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കാടുകളില്‍ തിരച്ചില്‍ നടക്കുന്നുണ്ടെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ജസ്‌നയുടെ അവസാന സന്ദേശം പൊലീസിനെ കുഴയ്ക്കുകയാണ്. രണ്ട് സാധ്യതകളാണ് പൊലീസ് ഇതില്‍ കാണുന്നത്. ഒന്നുകില്‍ എല്ലാവരേയും കബളിക്കാനായി ഈ സന്ദേശം അയച്ച് ജെസ്‌ന ഒളിവില്‍ പോയതാകണം. അല്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ശേഷം അയച്ചതാകാം. ഇത് കൂടാതെ ജസ്‌നയുടെ ഫോണില്‍ നിന്ന് മറ്റാരെങ്കിലും ഈ സന്ദേശം അയച്ചതാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

നീലനിറത്തിലുള്ള കാറില്‍ ജസ്‌നയെ കണ്ടു എന്നുള്ള വിവരമാണ് അവസാനമായി പൊലീസിന് ലഭിച്ചത്. ഇതുവരെ ജെസ്‌നയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കാണാതായി 76 ദിവസം പിന്നിട്ടതോടെ അന്വേഷണം കാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. നാനൂറോളം വരുന്ന തെരച്ചില്‍ സംഘം പല മേഖലകളിലായാണ് തിരച്ചില്‍ നടത്തിവരുന്നത്.

ഓരോ ജില്ലയിലേയും ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്‌ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍. ഇവര്‍ക്കൊപ്പം കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും തെരച്ചില്‍ സംഘത്തിലുണ്ട്. ജെസ്‌ന കാണാതായെന്ന് കരുതുന്ന എരിമേലി മുണ്ടക്കയം പാതയിലെ കണ്ണിമല, പുലിക്കുന്ന്, പാക്കാനം, പുഞ്ചവയല്‍, പൊന്തന്‍പുഴ വനം, കുട്ടിക്കാനം മേഖലയിലെ പാഞ്ചാലിമേട്, പരുന്തുംപാറ, വളഞ്ഞങ്ങാനം, മദാമ്മകുളം, മത്തായിക്കൊക്ക എന്നിവിടങ്ങളിലാണ് തിരച്ചില്‍. കനത്ത മൂടലും മഴയും വകവെക്കാതെയാണ് പൊലീസ് കാടടച്ച് തിരയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com