നിപ്പ പേടി; കുഴഞ്ഞു വീണയാള്‍ ചോരയൊലിപ്പിച്ച് ബസ് സ്‌റ്റോപ്പില്‍ കിടന്നത് മൂന്ന് മണിക്കൂര്‍

പേരാമ്പ്ര ആശുപത്രിയിലെ ജീവനക്കാരായ അബൂബക്കര്‍, രഘുനാഥ്, ജികേഷ് എന്നിവര്‍ എത്തുമ്പോള്‍ ആരും സഹായിക്കാനില്ലാതെ കിടക്കുകയായിരുന്നു ശേഖര്‍
നിപ്പ പേടി; കുഴഞ്ഞു വീണയാള്‍ ചോരയൊലിപ്പിച്ച് ബസ് സ്‌റ്റോപ്പില്‍ കിടന്നത് മൂന്ന് മണിക്കൂര്‍

പേരാമ്പ്ര; നിപ്പ വൈറസ് പേടി കാരണം കുഴഞ്ഞു വീണയാളെ തിരിഞ്ഞു നോക്കാതെ നാട്ടുകാര്‍. ചെമ്പനാട് ടൗണിലെ ബസ് സ്‌റ്റോപ്പില്‍ കുഴഞ്ഞു വീണ 61 കാരന്‍ ചോരയൊലിപ്പിച്ച് മൂന്നു മണിക്കൂര്‍ നേരമാണ് അവിടെ കിടന്നത്. നിപ്പ പേടിയില്‍ നാട്ടുകാര്‍ ആരും അടുക്കാന്‍ തയാറായില്ല. അവസാനം സമീപത്തെ കച്ചവടക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ എത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

പേരാമ്പ്രയില്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന തമിഴ്‌നാട് സ്വദേശി ശേഖറാണ് ചോരയും ഒലിപ്പിച്ച് റോഡില്‍ കിടക്കേണ്ടിവന്നത്. വീണയുടന്‍ ശേഖറിന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. വീണ് നെറ്റി പൊട്ടിയിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കുഴഞ്ഞു വീഴാന്‍ കാരണമായത്.

പേരാമ്പ്ര ആശുപത്രിയിലെ ജീവനക്കാരായ അബൂബക്കര്‍, രഘുനാഥ്, ജികേഷ് എന്നിവര്‍ എത്തുമ്പോള്‍ ആരും സഹായിക്കാനില്ലാതെ കിടക്കുകയായിരുന്നു ശേഖര്‍. കൈയുറയും മുഖാവരണവുമില്ലാതെ വാഹനത്തില്‍ കയറ്റാനുള്ള പ്രയാസം കാരണമാണ് ആളുകള്‍ സഹായിക്കാതെ പിന്നോട്ടുപോയതെന്നാണ് സ്ഥലത്തെ ടാക്‌സി ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ ശേഖറിന്റെ ജീവന്‍ അപകടത്തിലാവുമായിരുന്നെന്ന് ചികിത്സിച്ച ഡോക്റ്റര്‍ വ്യക്തമാക്കി. നിപ്പ പേടിയില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവരെ സഹായിക്കാന്‍ മടിക്കരുതെന്ന് മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com