സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്; ബഹളം; നിയമസഭ പിരിഞ്ഞു

കസ്റ്റഡി മരണക്കേസില്‍ അന്വേഷണം നിലച്ചതിനെക്കുറിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു
സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്; ബഹളം; നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ചര്‍ച്ച അനുവദിക്കാത്തതിനെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. കസ്റ്റഡി മരണക്കേസില്‍ അന്വേഷണം നിലച്ചതിനെക്കുറിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണക്കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന്, വിഡി സതീശന്‍ നല്‍കിയ നോട്ടസിന് അനുമതി നിഷേധിച്ചുകൊണ്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കാര്യം സഭ ചര്‍ച്ച ചെയ്യുന്ന പതിവില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളും സഭ മുന്‍പ് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സോളാറും ബാര്‍ കോഴക്കേസും ഇത്തരത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്പീക്കറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ വാക് പോര് തുടര്‍ന്നതോടെ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

സഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെങ്കില്‍ ഇത്തരം വിഷയങ്ങള്‍ എവിടെയാണ് ഉന്നയിക്കുകയെന്ന് പ്രതിപക്ഷ നേതാക്കള്‍ ചോദിച്ചു. അടിയന്തര പ്രാധാന്യമുള്ളതാണ് വിഷയമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വരാപ്പുഴ കേസില്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചതാണെന്നും ഇക്കാര്യത്തില്‍ ഒരു അടിയന്തര പ്രാധാന്യമില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. പിന്നീടു ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്കു പിരിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com