കുര്യന്‍ തന്നെ മുന്നില്‍; കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

രാജ്യസഭാ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തിലും ഇന്നു തന്നെ തീരുമാനമുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കുര്യന്‍ തന്നെ മുന്നില്‍; കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: സംസ്ഥാനത്തു നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുമെന്ന് സൂചന. പിജെ കുര്യന്‍ സ്ഥാനാര്‍ഥിയാവുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസിലെ യുവാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പ് കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുണ്ടെങ്കിലും സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ കുര്യന്‍ തന്നെയാണ് ആദ്യ സ്ഥാനത്തുള്ളതെന്ന് ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സ്ഥാനാര്‍ഥി കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാവും.

രാജ്യസഭാ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം ഡല്‍ഹിയിലുണ്ട്. ഇവര്‍ വൈകിട്ട് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും പ്രഖ്യാപനം. പിസിസി അധ്യക്ഷനെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള സംസ്ഥാന കോണ്‍ഗ്രസിലെ അഴിച്ചുപണി, കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം, രാജ്യസഭാ സ്ഥാനാര്‍ഥിത്വം എന്നീ കാര്യങ്ങളാണ് ഡല്‍ഹിയിലെ ചര്‍ച്ചകളുടെ അജന്‍ഡ. ഇതില്‍ പാര്‍ട്ടി അഴിച്ചുപണി വൈകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. രാഹുല്‍ ഗാന്ധി ഡിസിസി പ്രസിഡന്റുമാരുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.

കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശന കാര്യത്തില്‍ ഇന്നു തന്നെ ധാരണയാവും. ഒഴിവു വരുന്ന രാജ്യസഭാ സ്ഥാനത്തിന് കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ ധാരണ. ഇക്കാര്യം കേരള കോണ്‍ഗ്രസിനെ അറിയിക്കും. ഭാവിയില്‍ വരുന്ന രാജ്യസഭാ അവസരങ്ങളില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യം നേതാക്കള്‍ ജോസ് കെ മാണിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചിട്ടുണ്ട്. 

പിജെ കുര്യന്റേത് ഉള്‍പ്പെടെയുള്ള പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള സാധ്യതാ പട്ടികയാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. തന്നെ പരിഗണിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് അറിയിച്ച് കുര്യന്‍ രാഹുല്‍ ഗാന്ധിക്കു കത്തു നല്‍കിയിട്ടുണ്ട്. പകരം പരിഗണിക്കാവുന്നവരായി  എംഎ ഹസന്‍, വിഎം സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, പിസി ചാക്കോ, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകളും കുര്യന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുവ പ്രാതിനിധ്യം കണക്കിലെടുത്ത് പിസി വിഷ്ണുനാഥിനെയും വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് ഷാനിമോളെയും ഹൈക്കമാന്‍ഡ് പരിഗണിക്കാനിടയുണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സമവായമില്ലാത്ത പക്ഷം കുര്യനെ തന്നെ വീണ്ടും നിയോഗിക്കാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല.

രാജ്യസഭാ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തിലും ഇന്നു തന്നെ തീരുമാനമുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണി പ്രവേശനത്തിന് കേരള കോണ്‍ഗ്രസ് ഉപാധികളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com