മാണിക്ക് സീറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും ഒരു പോലെയാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍ തുടങ്ങിയ മൂവര്‍ സംഘത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.
മാണിക്ക് സീറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം

കൊച്ചി: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും ഒരു പോലെയാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍ തുടങ്ങിയ മൂവര്‍ സംഘത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. ആദ്യം രംഗത്തെത്തിയത് സുധീരനായിരുന്നു. പിന്നാലെ നേതാക്കള്‍ കൂട്ടമായി രംഗത്ത് എത്തുകയായിരുന്നു.

ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതാണെന്നും ആത്മഹത്യാപരമാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.  ഉപതിരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പ്രഹരത്തില്‍ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാര്‍ പാഠം പഠിച്ചില്ല എന്ന് വേണം കരുതാന്‍. യാതൊരു നിലപാടും ഇല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാന്‍ നടത്തുന്ന ഇത്തരം തീരുമാനങ്ങളാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും മുഖം നഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തോട് കടുത്ത അമര്‍ഷം പ്രകടിപ്പിക്കാതെ വയ്യ. ചില പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി തീരുമാനമെടുക്കേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് ഇനിയെങ്കിലും നേതാക്കള്‍ മനസ്സിലാക്കിയില്ലെങ്കില്‍, പ്രവര്‍ത്തകര്‍ വഴിയില്‍ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നായിരുന്നു ഹൈബിയുടെ പ്രതികരണം

രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നല്‍കണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മുന്നണി രാഷ്ട്രീയത്തില്‍ വിട്ടു വീഴ്ചകള്‍ അനിവാര്യമാണെന്നും അറിയാം പക്ഷെ ഒരാളെ മാത്രം രാജ്യസഭയിലയക്കാന്‍ അവസരം കിട്ടുമ്പോള്‍ കോണ്‍ഗ്രസ്സ് തന്നെ മത്സരിക്കുന്നതാണ് കീഴ്‌വഴക്കം.ഇതൊരു കീഴടങ്ങലാണെന്ന് ഷാഫി  പറഞ്ഞു. മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത്.എന്നിട്ട് തിരിച്ച് വരുന്നതിന് മുന്‍പ് തന്നെ രാജ്യസഭാ സീറ്റ് നല്‍കിയിട്ട് വേണോ തിരിച്ചാനയിക്കാന്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ പൂര്‍ണ്ണമായി അവഗണിച്ചെത്തിചേരുന്ന തീരുമാനങ്ങള്‍ തകര്‍ക്കുന്നത് ലക്ഷക്കണക്കിനു പ്രവര്‍ത്തകരുടെ ആത്മവീര്യത്തെയാണെന്ന് അറിയാതെ പോകരുത്. വീരേന്ദ്രകുമാറിന് കൊടുത്ത രാജ്യസഭാ സീറ്റിന്റെ അവസ്ഥ ഓര്‍മ്മയിലുണ്ടായിരിക്കണമെന്നും ഷാഫി പറഞ്ഞു

സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനം നിരാശജനകമാണെന്ന് വിടി ബല്‍റാം പറഞ്ഞു. ഇത് ഏതൊരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും നിരാശപ്പെടുത്തുന്ന തീരുമാനമായി പോയി. പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്നും പുനരാലോചിക്കണമെന്നും ബല്‍റാം പറഞ്ഞു

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് കൊടുക്കാനുള്ള തീരുമാനത്തിലെ ശില്‍പ്പി ഉമ്മന്‍ചാണ്ടിയാണെന്ന് പിജെ കുര്യന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിന് മുന്നില്‍ അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കുകയായിരുന്നു. കെഎം മാണിക്ക് ലോട്ടറിയടിച്ച തീരുമാനമാണിത്. ആങ്ങള ചത്താലും നാത്തുന്റെ കണ്ണില്‍ നിന്ന് ചോര കാണണമെന്നാണ് ചിലരുടെ ആഗ്രഹമെന്നും കുര്യന്‍ പറഞ്ഞു. 

ആത്മഹത്യാപരമായ തീരുമാനമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വീകരിച്ചതെന്നായിരുന്നു വിഎം  സുധീരന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്നതിന് തുല്യം.കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്നും സുധീരന്‍ കുറ്റപ്പെടുത്തി.അപ്രതീക്ഷിതമായ തീരുമാനമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. അണികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും മനോവീര്യം കെടുത്തുന്നതുമാണ് തീരുമാനം.നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചു. ഇതില്‍ ഒരു ന്യായീകരണവുമില്ല. കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടിവരുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com