ഉമ്മന്‍ ചാണ്ടിക്ക് പേഴ്‌സനല്‍ അജന്‍ഡ; പ്രായവിവാദമുണ്ടാക്കിയത് ചാണ്ടിയുടെ ശിഷ്യന്‍മാര്‍: പിജെ കുര്യന്‍

രാജ്യസഭാ സീറ്റ് നല്‍കിയാലേ അവര്‍ വരൂ എന്ന് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു
ഉമ്മന്‍ ചാണ്ടിക്ക് പേഴ്‌സനല്‍ അജന്‍ഡ; പ്രായവിവാദമുണ്ടാക്കിയത് ചാണ്ടിയുടെ ശിഷ്യന്‍മാര്‍: പിജെ കുര്യന്‍

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചന തന്നെയെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍. പ്രായത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ വിവാദമുണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ ശിഷ്യന്മാരാണ്. ഇത് ഉമ്മന്‍ ചാണ്ടി അറിയാതെയാണെന്ന് വിശ്വസിക്കാനാവില്ലെന്ന് പിജെ കുര്യന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു വരുന്നത് നല്ല കാര്യമാണ്. രാജ്യസഭാ സീറ്റ് നല്‍കിയാലേ അവര്‍ വരൂ എന്ന് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എന്തായാലും യുഡിഎഫിലേക്കു വരുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കിട്ടും എന്നുറപ്പായ സാഹചര്യത്തിലാണ് അവര്‍ സീറ്റിന് അവകാശവാദം ഉന്നയിച്ചതെന്ന് കുര്യന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെയാണ് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനമെടുത്തത്. രാഷ്ട്രീയകാര്യ സമിതി ഉള്‍പ്പെടെയുള്ള ഫോറങ്ങളെ അപ്രസ്തമാക്കിയാണ് മൂന്നു നേതാക്കള്‍ ചേര്‍ന്നു തീരുമാനമെടുത്തത്. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സനല്‍ അജന്‍ഡയാണ് ഇതിനു പിന്നില്‍. ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തില്‍ പേഴ്‌സനല്‍ അജന്‍ഡ നടപ്പാക്കുന്ന നേതാവാണ്. കുറെക്കാലമായി ഇതു തുടരുകയാണെന്ന് കുര്യന്‍ കുറ്റപ്പെടുത്തി.

സീറ്റ് വേണ്ടെന്നു പറയരുതെന്ന് ഹൈക്കമാന്‍ഡില്‍നിന്നു തനിക്കു സന്ദേശം ലഭിച്ചിരുന്നു. ചില സാഹചര്യത്തില്‍ താന്‍ തന്നെ സ്ഥാനാര്‍ഥിയാവേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നതെന്ന് കുര്യന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com