തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിലേക്ക് തിരിച്ചുപോകാൻ കേരള കോൺ​ഗ്രസ് നിർദേശം; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റ് രാജിവെയ്ക്കും

കോൺഗ്രസുമായി സഖ്യമുണ്ടാക്കി യു.ഡി.എഫിൽ തിരിച്ചെത്തിയതിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലും സഖ്യകക്ഷികളുമായി കേരള കോൺ​ഗ്രസ് ധാരണയിലേക്ക്
തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിലേക്ക് തിരിച്ചുപോകാൻ കേരള കോൺ​ഗ്രസ് നിർദേശം; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റ് രാജിവെയ്ക്കും

കോട്ടയം: കോൺഗ്രസുമായി സഖ്യമുണ്ടാക്കി യു.ഡി.എഫിൽ തിരിച്ചെത്തിയതിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലും സഖ്യകക്ഷികളുമായി കേരള കോൺ​ഗ്രസ് ധാരണയിലേക്ക്.സിപിഎമ്മുമായി കേരള കോൺ​ഗ്രസ് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് മാസങ്ങൾക്ക് മുൻപ് സിപിഎം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് പദം കോൺ​ഗ്രസിൽ നിന്നും കേരള കോൺ​ഗ്രസ് പിടിച്ചെടുത്തിരുന്നു.കോൺ​ഗ്രസുമായുളള സഖ്യം ഉപേക്ഷിച്ചായിരുന്നു സിപിഎം പിന്തുണ കേരള കോൺ​ഗ്രസ് സ്വീകരിച്ചത്. നിലവിൽ യുഡിഎഫിലേക്ക് തിരിച്ചുവന്നതോടെ കേരള കോൺ​ഗ്രസ് നേതാവായ സഖറിയാസ് കുതിരവേലി കോട്ടയം ജില്ലാ പ്രസി‍ഡന്റ് സ്ഥാനം രാജിവെയ്ക്കും.  സിപിഎം പിന്തുണയോടെ ഭരിക്കുന്ന മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സമാനമായ നീക്കം നടത്താനാണ് യുഡിഎഫിൽ ധാരണയായിരിക്കുന്നത്. 

യു.ഡി.എഫിൽ തിരിച്ചെത്തിയതോടെ പാർട്ടി ചെയർമാൻ കെ.എം.മാണിയുടെ നിർദ്ദേശമനുസരിച്ചാണ് ജില്ലാ പ്രസിഡന്റ് സഖറിയാസ് കുതിരവേലി സ്ഥാനം ഒഴിയുന്നത്. മുന്നണി ബന്ധത്തിന്റെ പവിത്രത പാലിക്കണമെന്നുള്ളത് കൊണ്ടാണ് രാജിയിലേക്ക് നീങ്ങുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

കോൺഗ്രസിലെ ധാരണ അനുസരിച്ച് ഒരു വർഷം മുൻപ് ജോഷി ഫിലിപ്പ് രാജി വച്ചതോടെയാണ് സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസ് എം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പിടിച്ചത്. മാണി സംസ്ഥാനത്ത് ഒരു മുന്നണിയുടെയും ഭാഗമല്ലാതെ നിൽക്കുമ്പോഴായിരുന്നു ഇത് . ഇതേ തുടർന്നു ജില്ലയിൽ കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ അകൽച്ച ശക്തമായി. പിന്നീട് നടന്ന ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ ഇരുപാർട്ടികളും നേർക്കുനേർ മത്സരിച്ചു. പലയിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം തന്നെ യു.ഡി.എഫിനു നഷ്‌ടമായി. ഈ വിഷയങ്ങളെല്ലാം കെട്ടടങ്ങും മുൻപാണ് രാജകീയമായി കേരള കോൺഗ്രസ് വീണ്ടും മുന്നണിയിൽ തിരികെയെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com