അപ്പനും അമ്മയും മക്കളും സ്‌നേഹത്തോടെ കഴിയുന്നത് ഈ വീട്ടില്‍വന്നതിന് ശേഷമാണ് ഞാന്‍ കാണുന്നത്; നീനു പറയുന്നു

മാതാപിതാക്കളുടെ ക്രൂര പീഡനങ്ങളില്‍ നിന്നും എനിക്ക് ആശ്വാസമായി എത്തിയതായിരുന്നു കെവിന്‍. ആ ആശ്വാസമാണ് പിന്നീട് സ്‌നേഹമായി മാറിയത്
അപ്പനും അമ്മയും മക്കളും സ്‌നേഹത്തോടെ കഴിയുന്നത് ഈ വീട്ടില്‍വന്നതിന് ശേഷമാണ് ഞാന്‍ കാണുന്നത്; നീനു പറയുന്നു

അപ്പനും അമ്മയും മക്കളും സ്‌നേഹത്തോടെ കഴിയുന്നത് കെവിന്റെ വീട്ടില്‍ വന്നതിന് ശേഷമാണ് ഞാന്‍ കാണുന്നത്. ഒന്നര വയസു മുതല്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ജീവിതത്തിലെ ഏക ആശ്വാസമായിരുന്നു കെവിന്‍ വിട്ടു പിരിഞ്ഞതിന്റെ പന്ത്രണ്ടാം നാളും അവന്റെ ഫോട്ടോയ്ക്ക് മുന്നിലെ അണയാത്ത തിരിനാളങ്ങള്‍ പോലെ ഇടയ്ക്കിടയ്ക്ക് ഉയരുന്ന ഏങ്ങലടികള്‍ക്കുള്ളില്‍ നിന്നും നീനു പറയുന്നു...

വര്‍ഷങ്ങളോളം വല്യപ്പച്ചന്റേയും വല്യമ്മച്ചിയുടേയും കൂടെയാണ് ഞങ്ങള്‍ കഴിഞ്ഞത്. എനിക്ക് എല്ലാം അവരായിരുന്നു. എനിക്ക് ഒന്നര വയസുള്ളപ്പോള്‍ തുന്നല്‍ പണി വശമുണ്ടായിരുന്ന അമ്മ രഹന ഗള്‍ഫിലേക്ക് പോയി. പിന്നാലെ അച്ഛനും ഗള്‍ഫിലേക്ക് പോയി. ആറേഴ് വര്‍ഷം കഴിഞ്ഞ് അമ്മ നാട്ടിലേക്ക് എത്തിയതിന് ശേഷമാണ് ഞങ്ങള്‍ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. അമ്മയ്ക്ക് പപ്പായുടെ വീട്ടുകാര്‍ അന്നും ഇന്നും ശത്രുക്കളാണ്. പക്ഷേ ആ ദേഷ്യമൊന്നും ഞങ്ങളോട് കാണിക്കാതെയാണ് വല്യമ്മച്ചിയും വല്യപ്പച്ചനും ഞങ്ങളെ വളര്‍ത്തിയത്. പപ്പയുടെ അനുജനും ഭാര്യയ്ക്കും ഞങ്ങളോട് സ്‌നേഹമായിരുന്നു. 

സ്‌നേഹം എന്തെന്ന് പപ്പയില്‍ നിന്നും അമ്മയില്‍ നിന്നും ഞാന്‍ അറിഞ്ഞിട്ടില്ല. പരസ്പരം പോരടിക്കുന്ന അച്ഛനമ്മമാര്‍. അത് പലപ്പോഴും കയ്യാങ്കളിയിലേക്ക് എത്തിയിരുന്നു. ഞാന്‍ ആറാം ക്ലാസിലായിരിക്കുമ്പോഴാണ് അമ്മ ഗള്‍ഫില്‍ നിന്നും തിരിച്ചു വരുന്നത്. അതിന് ശേഷം എന്നെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ചെറിയ ക്ലാസിലായിരുന്നപ്പോള്‍ കൂടെ പഠിക്കുന്ന ആണ്‍കുട്ടികളോട് മിണ്ടിയാല്‍ പോലും അമ്മയുടെ ഭീകര മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നു. അമ്മ ഉപദ്രവിക്കുമ്പോള്‍ ഞാന്‍ ഉറക്കെ കരയും. ഇത് കേട്ട് അയല്‍ക്കാര്‍ ഓടി വരും. പക്ഷേ അവര്‍ നോക്കി നില്‍ക്കുകയേ ഉള്ളു. കാരണം അമ്മയെ അവര്‍ക്കും പേടിയായിരുന്നു. 

പപ്പ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ അമ്മയും പപ്പായും തമ്മില്‍ വലിയ വഴക്കായിരിക്കും. ഒരിക്കല്‍ അവരുടെ കയ്യാങ്കളിയിലേക്ക് ഞാന്‍ കയറി ചെന്നു. പപ്പ ടോര്‍ച്ച് വെച്ച് എന്നെ അടിച്ചു. അന്ന് മൂക്കിലൂടെ ചോരയൊഴുകി. രക്തം നില്‍ക്കാതെയായപ്പോള്‍ അടുത്തുള്ള ക്ലിനിക്കില്‍ കൊണ്ടുപോയി. അതിന് ശേഷം അവരുടെ വഴക്കിന് ഇടയിലേക്ക് ഞാന്‍ ചെന്നിട്ടില്ല. 

അച്ചാച്ചന്‍(ഷാനു) ആണ്‍കുട്ടി ആയതുകൊണ്ടോ എന്തോ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഒന്നും പുള്ളി ഇടപെടില്ലായിരുന്നു എന്നും നീനു പറയുന്നു. ആരോടും വലിയ സ്‌നേഹം പ്രകടിപ്പിക്കാത്ത പുള്ളിയാണ് അച്ചാച്ചന്‍, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന സ്വഭാവം. 

വീട്ടിലെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും മാറി നില്‍ക്കുന്നതിന് വേണ്ടിയാണ് കോട്ടയത്തേക്ക് ഡിഗ്രി ചെയ്യുന്നതിനായി എത്തുന്നത്. ആ സമയം സിവില്‍ സര്‍വീസ് എന്ന മോഹവും ഉള്ളില്‍ കടന്നു കൂടി. അതിനുള്ള പരിശീലനവും നടത്തിയിരുന്നു. ഈ സമയം കൂട്ടുകാരിയുടെ പ്രണയ കലഹത്തിനിടയിലാണ് കെവിനെ പരിചയപ്പെടുന്നത്. 

വലിയ അവധിക്ക് മാത്രമേ ഞാന്‍ വീട്ടിലേക്ക് പോകാറുള്ളു. ഹോസ്റ്റലില്‍ വെച്ച് ഫോണില്‍ വിളിച്ചാല്‍ പോലും അമ്മയുടെ ശകാര വാക്കുകളാണ് തേടിയെത്തുക. ഫോണ്‍വിളിക്കുമ്പോള്‍ സമീപത്ത് നില്‍ക്കുന്നവര്‍ക്ക് വരെ ഇത് കേള്‍ക്കാം. ്അവധിക്ക് വീട്ടില്‍ പോകാത്തത് എന്താണെന്ന് കെവിന്‍ ചോദിച്ചു. അങ്ങിനെയാണ് ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഞാന്‍ കെവിനോട് പറയുന്നത്. 

എല്ലാം കേട്ട് കെവിന്‍ എന്നെ ആശ്വസിപ്പിച്ചു. ആ ആശ്വാസമായിരുന്നു സ്‌നേഹമായി മാറിയത്. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞെന്ന് ഞാന്‍ വിളിച്ചു പറയുമ്പോഴാണ് അവരത് അറിയുന്നത്. എന്നിട്ടും അവര്‍ എല്ലാം തേടിപ്പിടിച്ചു, എല്ലാം ഇല്ലാതെയാക്കി. നീനു പറയുന്നു..

ഒന്നര വര്‍ഷം മുന്‍പായിരുന്നു സഹോദരന്‍  ഷാനു വിവാഹം കഴിക്കുന്നത്. നല്ലൊരു ചേച്ചിയായിരുന്നു. പക്ഷേ ഒരു മാസം പോലും ചേച്ചിക്ക് വീട്ടില്‍ നില്‍ക്കാനായില്ല. ചേച്ചിയുമായി വലിയ വഴക്കായിരുന്നു. ഒടുവില്‍ ചേച്ചി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. ചേച്ചി വന്നതോടെ വീട്ടിലെ എന്റെ ഒറ്റപ്പെടല്‍ അവസാനിച്ചു എന്നാണ് കരുതിയത്. പക്ഷേ ആ പ്രതീക്ഷയും ഇല്ലാതാവുകയായിരുന്നു.

ഞാന്‍ ഒറ്റ മോളല്ലേ, ആ സ്‌നേഹമൊന്നും രണ്ട് പേര്‍ക്കുമില്ല. പൊലീസ് സ്റ്റേഷനില്‍ വെച്ച് അവസാനമായി നീനുവിനെ കാണുമ്പോള്‍ നീനുവിന്റെ ഡ്രസ് അടങ്ങിയ ബാഗ് വരെ അവര്‍ വലിച്ചെടുത്തു. ഞാന്‍ ധരിച്ചിരുന്ന ഷാള്‍ വരെ പപ്പ വലിച്ചെടുത്തു. പിന്നെ എന്തോ വീണ്ടുവിചാരം പോലെ മകളുടെ മേല്‍വസ്ത്രം വലിച്ചെറിഞ്ഞ് തരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com