കനത്ത മഴ: കൊച്ചി ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം, കോഴിക്കോട് കൺട്രോൾ റൂം തുറന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
കനത്ത മഴ: കൊച്ചി ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം, കോഴിക്കോട് കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒഴുക്കിൽപ്പെട്ടും മരങ്ങൾ കടപുഴകി വീണും നാലുപേർ മരിച്ചു.  കാസർഗോഡ് , കോഴിക്കോട്, പത്തനംതിട്ട,തിരുവനന്തപുരം എന്നി ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ കൊച്ചി ചെല്ലാനം മേഖലയിൽ രൂക്ഷമായ കടലാക്രമണമുണ്ടായി. തീരപ്രദേശങ്ങളിലെ പത്തിലധികം വീടുകളിൽ വെളളം കയറി.  ജില്ലയുടെ കിഴക്കൻ മലയോരമേഖലയായ പൂയംക്കുട്ടിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിരവധി വീടുകൾ ഒറ്റപ്പെട്ടു. 

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ  കോഴിക്കോട് ജില്ലയിലെ മുഴുവൻ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. മൂന്നു ​ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നതായി ജില്ലാഭരണകൂടം അറിയിച്ചു.

നേരത്തെ കോഴിക്കോട് കടലുണ്ടി ലെവൽക്രോസിന് സമീപം മരം വീണതിനെ തുടർന്ന് ഷൊർണൂർ- മംഗലാപുരം പാതയിൽ രണ്ടര മണിക്കൂർ ട്രെയിൻ ഗതാഗതം മുടങ്ങി. ഒട്ടേറെ ട്രെയിനുകൾ കോഴിക്കോട് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പൂർണതോതിലാകാൻ സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള ജനശദാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ വെെകിയാണ് ഓടുന്നത്.

അതേസമയം ഇന്ന് രാവിലെ തുടങ്ങിയ മഴയിൽ കനത്ത മഴയിൽ ഇടുക്കി ജില്ലയിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കരുത്തൊടി മേപ്പാറക്കൽ വീടിന് മുകളിൽ മരം വീണ് നാല് പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com