ഡല്‍ഹിയില്‍ നടന്നത് ദുരൂഹമായ അട്ടിമറി; അഞ്ചു മിനിറ്റുകൊണ്ട് ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് വിഎം സുധീരന്‍

ഡല്‍ഹിയില്‍ നടന്നത് ദുരൂഹമായ അട്ടിമറി; അഞ്ചു മിനിറ്റുകൊണ്ട് ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് വിഎം സുധീരന്‍
ഡല്‍ഹിയില്‍ നടന്നത് ദുരൂഹമായ അട്ടിമറി; അഞ്ചു മിനിറ്റുകൊണ്ട് ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു വിട്ടുനല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍. തീരുമാനമെടുക്കുന്നതിനു തൊട്ടു മുമ്പുവരെ സീറ്റ് വിട്ടുനല്‍കില്ല എന്നു പറഞ്ഞവര്‍ മറിച്ചു തീരുമാനമെടുത്തത് ദുരൂഹമാണെന്ന് സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കിടെ ഉച്ചയ്ക്ക് ഒന്നര വരെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത് സീറ്റ് വിട്ടുനല്‍കില്ലെന്നാണ്. ഇതാണ് വൈകിട്ട് മാറിമറിഞ്ഞത്. ദുരൂഹമായ ഈ മാറ്റത്തിനു പിന്നില്‍ അട്ടിമറിയുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംശയം- സുധീരന്‍ പറഞ്ഞു.

ചര്‍ച്ചകളില്‍ പങ്കെടുത്ത മൂന്നു നേതാക്കള്‍ക്കു മാത്രമാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം. കോണ്‍ഗ്രസില്‍ മുമ്പും ഇങ്ങനെയാണ് തീരുമാനമെടുത്തതെന്ന് പറയുന്നത് ശരിയല്ല. ആര്‍എസ്പിയെ മുന്നണിയില്‍ എടുക്കാനും എന്‍കെ പ്രേമചന്ദ്രന് സീറ്റ് നല്‍കാനും അഞ്ചു നിമിഷം കൊണ്ടാണ് തീരുമാനമെടുത്തത് എന്നാണ് ഇവര്‍ ഇപ്പാള്‍ പറയുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനത്തിലെത്തിയതെന്ന്, പഴയ പത്രകട്ടിങ്ങുകള്‍ വാര്‍ത്താ ലേഖകര്‍ക്കു നല്‍കിക്കൊണ്ട് സുധീരന്‍ പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടിവില്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് രമേശ് ചെന്നിത്തലയ്ക്കും എംഎം ഹസനും മറുപടിയായി സുധീരന്‍ ചൂണ്ടിക്കാട്ടി.

രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമാനതകളില്ലാത്ത പ്രതിഷേധമുണ്ട്. അതു പ്രകടിപ്പിക്കുമ്പോള്‍ വ്യക്തിപരമായ അഭിപ്രായം എന്നു പറഞ്ഞു തള്ളുന്നതില്‍ കാര്യമില്ല. ഘടക കക്ഷിക്കു സീറ്റ് പോയതിന് ധനമന്തിപദം രാജിവച്ച കാര്യമൊന്നും ആരും മറന്നുപോവരുത്. മുഖ്യമന്ത്രിക്കെതിരെ കൊട്ടാരവിപ്ലവം നടത്തിയ പഴയ കഥകളും എല്ലാവരും ഓര്‍ക്കുന്നതു നല്ലതാണെന്ന് ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ട് സുധീരന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു വന്നത് നല്ല കാര്യമാണ്. എന്നാല്‍ മുന്നണി വിടുമ്പോള്‍ അവര്‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഇ്‌പ്പോള്‍ എ്ന്താണ് നിലപാടെന്നു വ്യക്തമാക്കണം. അതെല്ലാം പിന്‍വലിച്ചെങ്കില്‍ അതു തുറന്നു പറയണം. ഒരു ഖേദപ്രകടമെങ്കിലും നടത്താനുള്ള മുന്നണി മര്യാദ കേരള കോണ്‍ഗ്രസ് കാണിക്കണമെന്ന് സുധീരന്‍ പറഞ്ഞു.

അതിനേക്കാള്‍ ഗുരുതരമായ പ്രശ്‌നമാണ് കേരള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. യുപിഎയ്ക്ക് ഒരു അംഗം ലോക്‌സഭയില്‍ കുറയുകയാണ്. അതു യുപിഎയെ ദുര്‍ബലപ്പെടുത്തുകയാണ്. യുപിഎയെയും കോണ്‍ഗ്രസിനെയും ദുര്‍ബലപ്പെടുത്തിയാണോ മുന്നണിയെ ശക്തിപ്പെടുത്തേണ്ടതെന്ന് സുധീരന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com