അവര്‍ തോല്‍പ്പിച്ചത് നിപ്പയെ; അജന്യക്കും ഉബീഷിനും അത്ഭുതമായി ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം; ആരും തോറ്റുപോകും ഈ കരുതലിനും സ്‌നേഹത്തിനുമുന്നില്‍

നിപ്പായില്‍ നിന്നും മോചിതരായ അജന്യയെയും ഉബീഷിനെയും കാണാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി-മരണം കാത്തിരുന്ന അജന്യക്കും ഉബീഷിനും  ഇതു രണ്ടാം ജന്മമാണ്
അവര്‍ തോല്‍പ്പിച്ചത് നിപ്പയെ; അജന്യക്കും ഉബീഷിനും അത്ഭുതമായി ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം; ആരും തോറ്റുപോകും ഈ കരുതലിനും സ്‌നേഹത്തിനുമുന്നില്‍

കോഴിക്കോട്: നിപ്പായില്‍ നിന്നും മോചിതരായ അജന്യയെയും ഉബീഷിനെയും കാണാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി. ഇരുവര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് ഏറെ നേരം ചെലവിട്ടു നഴ്‌സിങ്ങ് വിദ്യാര്‍ഥി അജന്യ തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഉബീഷ് വ്യാഴാഴ്ചയും ആശുപത്രി വിടും.

മരണം കാത്തിരുന്ന അജന്യക്കും ഉബീഷിനും  ഇതു രണ്ടാം ജന്മമാണ്. നിപ്പാ എന്ന മഹാമാരി പിടിപെട്ടവരെല്ലാം മരണത്തിനു കീഴടങ്ങിയപ്പോള്‍ ജീവിതത്തോടു പൊരുതി വിജയിച്ചവരാണിവര്‍. വൈദ്യ ശാസ്ത്രത്തിനു തന്നെ അത്ഭുതമായാണ് ഇവര്‍ നിപ്പാ വിമുക്തരായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പടിയിറങ്ങുന്നത്.

കോളജില്‍ നഴ്‌സിങ് പഠനത്തിന്റെ ഭാഗമായി പരിശീലനത്തിനു വന്നപ്പോഴാണ് കോഴിക്കോട് സ്വദേശിയായ അജന്യ എന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിക്കു രോഗികളില്‍ നിന്നും നിപ്പാ പകര്‍ന്നത്.  എല്ലാവരും മരണം ഉറപ്പിച്ചതായിരുന്നു. 17 പേര്‍ മരിച്ചപ്പോള്‍ അവള്‍ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നു തന്നെയായിരുന്നു അവളോടു പറഞ്ഞിരുന്നില്ലെങ്കിലും എല്ലാവരും കരുതിയത്. പത്തു ദിവസത്തോളം അജന്യ അബോധാവസ്ഥയിലായിരുന്നു. അവിടെ നിന്നാണ് വീണ്ടും ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി തിരിച്ചുവന്നത്.

നിപ്പായുടെ രാക്ഷസ കൈകളില്‍ നിന്നും കുതറിയോട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഉബീഷും വൈദ്യശാസ്ത്രത്തെ അമ്പരിപ്പിച്ച ജീവിതമാണ്  മലപ്പുറം വെന്നിയൂര്‍ സ്വദേശി ഉബീഷിനും പറയാനുള്ളത്. രണ്ട് മക്കളുള്ള ഉബീഷിന്റെ ഭാര്യ നിപ്പ വന്ന് നേരത്തെ മരിച്ചിരുന്നു.

അഛനും അമ്മയുടെ അടുത്തേക്കു തന്നെ പോവുമെന്നാണ് ഉബീഷിന്റെ മക്കള്‍ കരുതിയിരുന്നത്. പക്ഷേ നിപ്പയെ അതജീവിച്ചു ഉബീഷ് ജീവിതത്തിലേക്ക് തിരികെയെത്തി. റിബാവൈറിന്‍ എന്ന മരുന്നു നല്‍കിയാണ് ഇവരെ ചികിത്സിച്ചത്. നിപ്പായില്‍ നിന്നും രക്ഷപ്പെട്ട അപൂര്‍വം മനുഷ്യരിലെ രണ്ടു പേരാണിവര്‍. അജന്യയെ 11 നും ഉബീഷിനെ 14നും ഡിസ്ചാര്‍ജ് ചെയ്യും. തിരിച്ചു വീട്ടിലേക്കു തന്നെയാണ് പോവുന്നത്. ഒരു മാസം ജാഗ്രതക്കായി നിരീക്ഷിക്കുക മാത്രം ചെയ്യും.

ഒരാഴ്ച വീട്ടില്‍ പൂര്‍ണ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു മാസം ഇവര്‍ക്ക് മറ്റു അസുഖങ്ങള്‍ വരാതെ നോക്കാന്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.സുരക്ഷാവസ്ത്രങ്ങളൊന്നും ധരിക്കാതെയാണ്  മന്ത്രി എത്തിയത്. എ പ്രദീപ്കുമാര്‍ എംഎല്‍എ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, കലക്ടര്‍ യു വി ജോസ്, ഡോ. ജി അരുണ്‍കുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ ജി സജീത്ത്കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

നിപാ വൈറസ് ബാധ പൂര്‍ണമായും നിയന്ത്രണവിധേയമായതായി മന്ത്രി നേരത്തേ അറിയിച്ചിരുന്നു. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്‍ 30 വരെ ജാഗ്രത തുടരും. നിപാ കേസുകള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com