ഉമ്മന്‍ ചാണ്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്ന് എ ഗ്രൂപ്പ്; മൂന്ന് നേതാക്കള്‍ക്കും ഒരേപോലെ ഉത്തരവാദിത്വമെന്ന് കെ.സി.ജോസഫ്‌

രാഷ്ട്രീയകാര്യ സമിതി നാളെ ചേരാനിരിക്കെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു
ഉമ്മന്‍ ചാണ്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്ന് എ ഗ്രൂപ്പ്; മൂന്ന് നേതാക്കള്‍ക്കും ഒരേപോലെ ഉത്തരവാദിത്വമെന്ന് കെ.സി.ജോസഫ്‌

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനെതിരെ എ ഗ്രൂപ്പില്‍ അതൃപ്തി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ ഉമ്മന്‍ ചാണ്ടി മാത്രമല്ലെന്നും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസന്‍ എന്നീ മൂന്ന് പേര്‍ക്കും ഒരേ പോലെ ഉത്തരവാദിത്വമുണ്ടെന്നുമാണ് എ ഗ്രൂപ്പിന്റെ വാദം.

രാജ്യസഭാ സിറ്റിനെ ചൊല്ലി വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഐ ഗ്രൂപ്പ് മൗനം പാലിച്ചതിലും എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. ഇതോടെ നാളെ ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുമെന്ന് ഉറപ്പായി കഴിഞ്ഞു. രാഷ്ട്രീയകാര്യ സമിതി നാളെ ചേരാനിരിക്കെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. 

അതിനിടെ രാജ്യസഭാ സീറ്റ് വിഷയത്തില്‍ എ.കെ.ആന്റണിക്കും അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന. കേരളത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹസനും കാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിച്ചതിന് ശേഷമാണ് ആന്റണിയെ കണ്ടത്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് താനുമായി വേണ്ട ചര്‍ച്ച നടത്താതിരുന്നതിലാണ് ആന്റണിക്ക് അതൃപ്തി. 

രാജ്യസഭാ സീറ്റ് ഇല്ലെങ്കില്‍ മാണി മുന്നണിയിലേക്ക് മടങ്ങി വരില്ലെന്ന് മൂന്ന് നേതാക്കളും കൂടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍ ആന്റണിയുടെ കൂടി എതിര്‍പ്പ് കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് കേരളത്തിലെ വിവാദങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com