കാലവര്‍ഷം കലിതുള്ളുന്നു; സംസ്ഥാനത്ത് മരണം ഒന്‍പതായി

കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ മൂന്ന് പേര്‍ വീതവും, കാസര്‍കോട്ട് രണ്ട് പേരും കോഴിക്കോട് ഒരാളുമാണ് മരിച്ചത്
കാലവര്‍ഷം കലിതുള്ളുന്നു; സംസ്ഥാനത്ത് മരണം ഒന്‍പതായി

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് കനത്ത നാശനഷ്ടം. ശക്തമായ കാറ്റില്‍ മരം കടപുഴകി വീണും, ഒടിഞ്ഞു  വീണ മരം നീക്കം ചെയ്യുന്നതിന് ഇടയിലുമുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. 

ഇതോടെ സംസ്ഥാനത്തെ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ഒന്‍പതായി. കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ മൂന്ന് പേര്‍ വീതവും, കാസര്‍കോട്ട് രണ്ട് പേരും കോഴിക്കോട് ഒരാളുമാണ് മരിച്ചത്. 

വീടിന് സമീപത്തെ തെങ്ങ് കടപുഴകി വീണാണ് നെയ്യാറ്റിന്‍കര സ്വദേശി ദീപ(44) മരിച്ചത്. ഒടിഞ്ഞു വീണ മരം വെട്ടി മാറ്റുന്നതിന് ഇടയിലാണ് കണ്ണൂര്‍ സ്വദേശിയായ രവീന്ദ്രന്റെ മരണം. ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞു വീണാണ് ചാലിയം വെസ്റ്റ് പരേതനായ മരക്കാര്‍ കുട്ടിയുടെ ഭാര്യ ഖദൂജക്കുട്ടി(60) മരിച്ചത്. മകളെ കാണാന്‍ പോകവെ കണ്ണൂര്‍ ചക്കരക്കല്‍ തലവില്‍ സ്വദേശി ഗംഗാധരന്‍ മതിലിടിഞ്ഞ് വീണ് മരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം കളിക്കാന്‍ പോയ ഫാത്തിമ(4) കാണാതാവുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. 

ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ ശക്തമായ മഴയ്ക്ക സാധ്യതയുണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് വീശുക. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com