ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് ഇന്ന് അറിയാം; അന്തിമ പട്ടികയില്‍ ശ്രീധരന്‍ പിള്ളയും എം. രാധാകൃഷ്ണനും

അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനമെടുക്കാന്‍ കേന്ദ്രനേതാക്കള്‍ കഴിഞ്ഞ ദിവസം എത്തിയെങ്കിലും ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ല
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് ഇന്ന് അറിയാം; അന്തിമ പട്ടികയില്‍ ശ്രീധരന്‍ പിള്ളയും എം. രാധാകൃഷ്ണനും

സംസ്ഥാനത്തെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. പി.എസ്. ശ്രീധരന്‍ പിള്ളയുടേയും എം.രാധാകൃഷ്ണന്റേയും പേരുകളാണ് അന്തിമപരിഗണനയിലുള്ളത്. മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചതോടെയാണ് സംസ്ഥാന അധ്യക്ഷ പദവിയില്‍ ഒഴിവുവന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനമെടുക്കാന്‍ കേന്ദ്രനേതാക്കള്‍ കഴിഞ്ഞ ദിവസം എത്തിയെങ്കിലും ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ല. കേരളത്തിലെ നേതാക്കള്‍ സമവായത്തിലെത്താത്തതാണ് തിരിച്ചടിയായത്. 

ഈ സാഹചര്യത്തില്‍ ദേശീയനേതൃത്വം സമാന്തരമായി നടത്തിയ വിലയിരുത്തലിലാണ് മുന്‍ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കും ആര്‍എസ്എസ് സഹ പ്രാന്തകാര്യവാഹകും ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായ എം. രാധകൃഷ്ണനും മുന്‍തൂക്കം കിട്ടിയത്. ഇവരിലൊരാള്‍ സംസ്ഥാന അധ്യക്ഷനാകുമെന്നാണ് സൂചന. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിന്റെയും പേര് അവസാനഘട്ടത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്.

സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി രാംലാല്‍ ഉള്‍പ്പെടെയുള്ളവരുമായി ദേശീയാധ്യക്ഷന്‍ അമിത്ഷാ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലാണ് ഇരുവരുടെയും പേര് ഉയര്‍ന്നുവന്നത്. പൊതുസ്വീകാര്യതയുള്ള ലിബറല്‍ നേതാവെന്നതാണ് ശ്രീധരന്‍പിള്ളയ്ക്ക് അനുകൂലമായ ഘടകം. വിവിധ ഹിന്ദു സമുദായ സംഘടനകളുമായും ന്യൂനപക്ഷ സമുദായ സംഘടനകളുമായുള്ള ബന്ധവും ഗുണമായി. കുമ്മനം പോയ ഒഴിവില്‍ ആര്‍എസ്എസ് നേതൃനിരയിലുള്ള ഒരാളെ പാര്‍ട്ടിനേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. ഇതാണ് എം. രാധാകൃഷ്ണന്റെ പേര് പരിഗണിക്കാന്‍ കാരണം. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പാര്‍ട്ടിയില്‍ ശക്തമായി ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com