സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മരണസംഖ്യ 16 ആയി

സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും കാറ്റിലും മരണ സംഖ്യ 16 ആയി
PHOTO:MELTON ANTONY
PHOTO:MELTON ANTONY

കൊച്ചി: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും കാറ്റിലും മരണ സംഖ്യ 16 ആയി. ആലപ്പുഴയില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചതാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പളളിപ്പുറം സ്വദേശി വിനു (42), ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാര്‍ (41) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കഴക്കൂട്ടത്ത് പൊട്ടിവീണ വൈദ്യൂതി ലൈനില്‍ തട്ടി കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി ശശിധരന്‍ മരിച്ചു. 

കിണറില്‍നിന്നു വെള്ളമടിക്കുന്ന മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനിടെ വൈദ്യുതാഘാതമേറ്റു വയനാട് പുല്‍പള്ളിയില്‍ വീട്ടമ്മ മരിച്ചു. അന്‍പത്തിയാറിനു സമീപം മൂലത്തറ സുരേന്ദ്രന്റെ ഭാര്യ ഷൈലയാണ് മരിച്ചത്. ഷൈലയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സുരേന്ദ്രനും മകള്‍ സാന്ദ്രയ്ക്കും പരുക്കേറ്റു. അടിമാലി മച്ചിപ്ലാവ് പറക്കുടിസിറ്റിയില്‍ മോട്ടോര്‍ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കോമയില്‍ ബിജു മരിച്ചു.

പത്തനംതിട്ടയില്‍ കഴിഞ്ഞദിവസം തെങ്ങുവീണ് പരുക്കേറ്റ എട്ടുവയസുകാരന്‍ മരിച്ചു. ആറന്മുള പാറപ്പാട്ട്  അജീഷിന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്.  ഇതിനിടെ തിരുവല്ല കുളക്കാട് ഷോര്‍ട് സര്‍ക്ക്യൂട്ടിനെതുടര്‍ന്ന് വീട് കത്തി നശിച്ചു.  വീട്ടുടമയായ കാഞ്ഞരപ്പള്ളത് ശാന്തയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ,കനത്തമഴയില്‍ ഇടുക്കി, വയനാട് ഉള്‍പ്പെടെ മലയോരമേഖലകളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. വിവിധ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

കനത്തമഴയില്‍ വയനാട്് ജില്ലയിലെ വാളാട് പുതുശേരി റോഡിലെ പുള്ളന്‍പാറ പാലത്തിന്റെ  അപ്രോച്ച് റോഡ്  തകര്‍ന്നു. എട്ടുകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് അപകടം. 60മീറ്റര്‍ നീളത്തില്‍ റോഡ് പൂര്‍ണമായി തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. മണ്ണിടിച്ചിലും ശക്തമായ കാറ്റും ജില്ലയില്‍ വന്‍ കൃഷിനാശമുണ്ടാക്കി.

മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ മരം വീണ് തടസ്സപ്പെട്ട ഗതാഗതം അഗ്‌നിശമനസേനയുടെ സഹായത്തോടെയാണ് പുനസ്ഥാപിച്ചത്.കോഴിക്കോട് നാദാപുരം, കുറ്റിയാടി മേഖലയില്‍ പലയിടത്തും ഒന്നരദിവസത്തിലധികം മുടങ്ങിക്കിടന്ന വൈദ്യുതിബന്ധം പുനസ്ഥാപിച്ചു. മുപ്പത്തി രണ്ട് വീടുകള്‍ പൂര്‍ണമായും എണ്‍പത്തി ഒന്നെണ്ണം ഭാഗികമായു തകര്‍ന്നു. കലക്ട്രേറ്റിലും താലൂക്ക് അടിസ്ഥാനത്തിലും കണ്‍ട്രോള്‍ റൂമുകള്‍ ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

തീരദേശമേഖലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നെങ്കിലും ഇതുവരെ ആരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നില്ല.  ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുവിട്ടു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. 

അതേസമയം, സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com